ശ്രദ്ധേയമായി 'ടിമ് ടിമ് ടിമ് ദീപക് രേ'. ദീപാവലിപ്പാട്ട് പുരനാവിഷ്ക്കരിച്ച് ജെറി അമൽദേവ്
- POPADOM
- Nov 7, 2021
- 2 min read
അൻപത് വർഷങ്ങൾക്കു മുൻപ് ജെറി അമൽദേവ് സംഗീതം നൽകിയ ദീപാവലി ഗാനം 'ടിമ് ടിമ് ടിമ് ദീപക് രേ' പുനരാവിഷ്ക്കരിച്ച് 'സിങ് ഇന്ത്യ വിത്ത് ജെറി അമൽദേവ്' ഫൗണ്ടേഷൻ. 1971 ൽ കോർണൽ സർവ്വകലാശാലയിൽ വിദ്യാർത്ഥി ആയിരിക്കെ സർവ്വകലാശാലയിലെ ഇന്ത്യ ക്ലബ്ബിന്റെ ദീപാവലി ആഘോഷത്തിനു വേണ്ടി ജെറി അമൽദേവ് ചിട്ടപ്പെടുത്തിയ ഗാനമായിരുന്നു ഇത്. സുഹൃത്തുക്കളും ദമ്പതികളുമായ കാനു ശർമ്മയും ജഗത് ശർമ്മയും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്.

1978 ൽ ഈ ഗാനം ഉൾപ്പെടെ എട്ട് ഗാനങ്ങൾ അടങ്ങുന്ന ഒരു ഹിന്ദി ആൽബം ജെറി അമൽദേവ് അമേരിക്കയിൽ വെച്ച് പുറത്തിറക്കിയിരുന്നു. മറ്റ് ഗായകർക്കൊപ്പം കെ ജെ യേശുദാസും അതിൽ പാടിയിട്ടുണ്ട്. പക്ഷെ ഈ ആൽബം ഇന്ത്യയിൽ മാർക്കറ്റ് ചെയ്യപ്പെട്ടില്ല.
'ടിമ് ടിമ് ടിമ്' എന്ന ഗാനം വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയത് കൊണ്ട് തന്നെ ഈ ഗാനത്തിന് ഒരു പുനരാവിഷ്ക്കരണം വേണമെന്ന് സിങ് ഇന്ത്യയുടെ കലാകാരന്മാർക്ക് തോന്നുകയും അതിന്റെ ശ്രമ ഫലമായി അരനൂറ്റാണ്ടിന് ശേഷം ആ ഗാനത്തിന് പുതുജീവൻ ലഭിക്കുകയും ചെയ്തു. മനോരമ മ്യൂസിക് ആണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
"സൗത്ത് ഇന്ത്യയിൽ നിന്ന് ദീപാവലി ഗാനങ്ങൾ ഇറങ്ങുന്നത് പൊതുവെ കുറവാണ്. 'ടിമ് ടിമ് ടിമ് ദീപക് രേ' ദീപാവലിക്കു വേണ്ടി ചിട്ടപ്പെടുത്തിയ വരികൾ ആണല്ലോ. എന്തുകൊണ്ട് ഈ സമയത്ത് തന്നെ ഗാനത്തിന് ഒരു പുനരാവിഷ്ക്കരണം ചെയ്തുകൂടാ എന്ന് ചിന്തിക്കുകയും പള്ളുരുത്തിയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ ഗാനം ചിത്രീകരിക്കുകയും ചെയ്തു. സിങ് ഇന്ത്യയിലെ കലാകാരന്മാർ തന്നെയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്." സിങ് ഇന്ത്യ വിത്ത് ജെറി അമൽദേവ് ഫൗണ്ടേഷൻ സെക്രെട്ടറി ജോ ഗബ്രിയൽ പറഞ്ഞു.
"11 വർഷങ്ങൾ മുൻപ്, 2010
ജൂലൈയിൽ ചാരിറ്റബിൾ സൊസൈറ്റി ആയി 'സിങ് ഇന്ത്യ വിത്ത് ജെറി അമൽദേവ്'
ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്തു. ചാരിറ്റി ആണ് പ്രധാന ലക്ഷ്യം എങ്കിലും മലയാള സിനിമ മേഖല മാറ്റി നിർത്തിയ സംഗീത സംവിധായകൻ ജെറി അമൽദേവിനെ കൂടുതൽ ചേർത്ത് പിടിക്കാനും പ്രേക്ഷകർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അവസരം ഉണ്ടാക്കുക എന്നത് കൂടിയാണ് സിങ് ഇന്ത്യ ഫൗണ്ടേഷന്റെ ലക്ഷ്യം" ജോ ഗബ്രിയൽ കൂട്ടിച്ചേർത്തു.
ജെറി അമൽദേവിന്റെ മേൽനോട്ടത്തിൽ എലിസബത്ത് കുര്യൻ, ആര്യ വി ബാബു, സുദിന റോമൽ, ഐലീൻ തോമസ്, ഡയാമ സുജിത്ത്, അലീന ഷിബു, ബെസി ബാബു, നിവ്യ ജോർജ്, നിമ്മി ജെറോം, മരിഷ്മ കോശി, മിന്ന കോശി, രമേഷ് മുരളി, ജോ ഗബ്രിയേൽ, മിഥുൻ കുര്യാക്കോസ് തോമസ്, ആന്റണിഏബ്രഹാം, അമൽ ജോസ്, സുദീപ് ചെറിയാൻ കോശി, സുജിത് കുര്യൻ, എ.വി.തോമസ്, തോമസ് വർഗീസ്, ആന്റണി ക്രിസ്റ്റോസ് എന്നിവരാണു ഗാനം ആലപിച്ചിരിക്കുന്നത്. ബിനു നൈനാൻ, ഡോ.ബിജു രാജു (ഗിറ്റാർ), ജോമി ഫ്രാൻസിസ് (ബേസ് ഗിറ്റാർ), ജോയൽ ജോസഫ്, ഹർഷിൽ ജോമോൻ, മിഥുൻ കുര്യാക്കോസ് തോമസ് (കീ ബോർഡ്സ്), അക്ഷയ് അനിൽ (പെർകഷൻ) തുടങ്ങിയവരും ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നു.
Comments