കൊട്ടി കൊതി തീരാത്ത മട്ടന്നൂർ 68ന്റെ നിറവിൽ
- SANIDHA ANTONY
- Sep 3, 2021
- 2 min read
വാദ്യരംഗത്തെ കുലപതി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് ഇന്ന് അറുപത്തിയെട്ട് വയസ് തികയുന്നു. മട്ടന്നൂരിന്റെ മേളക്കൊഴുപ്പിന്റെ അവിസ്മരണീയ മുഹൂർത്തങ്ങൾ മുഴങ്ങിയ എത്രയോ പൂരങ്ങൾക്കാണ് മലയാളികൾ സാക്ഷ്യം വഹിച്ചിട്ടുള്ളത്. "കൊട്ടിനു മട്ടന്നൂർ" എന്ന പ്രസിദ്ധമായ ചൊല്ല് തന്നെയുണ്ട് ചെണ്ട മേള രംഗത്ത്.

മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിലെ നിത്യപൂജക്ക് ആദ്യമായി കൊട്ടാൻ തോളിൽ ചെണ്ട തൂക്കുമ്പോൾ ശങ്കരൻകുട്ടിക്ക് വയസ്സ് അഞ്ച്. വിശുദ്ധിയുള്ള മനസോടും ശരീരത്തോടും കൂടി മാത്രമേ ദൈവചൈതന്യം ഉള്ള ഈ കലയെ സമീപിക്കാവൂ എന്ന് പറഞ്ഞു കൊടുത്ത അച്ഛൻ കുഞ്ഞികൃഷ്ണ മാരാരാണ് ആദ്യ ഗുരു. കുലത്തൊഴിലായ വാദ്യകലയെ ഗൗരവത്തോടെ സമീപിച്ചു തുടങ്ങിയത് പന്ത്രണ്ടാം വയസ്സിലാണ്. മട്ടന്നൂരിൽ നിന്ന് പാലക്കാട് പേരൂർ ഗാന്ധി സേവാ ഭവനത്തിൽ കഥകളിക്കൊട്ടും ചെണ്ടയും പഠിക്കാൻ ചേർന്നു. ഇടയ്ക്ക, തിമില എന്നീ വാദ്യോപകരണങ്ങൾ പല്ലശ്ശന ചന്ദ്രമന്നാടിയാരിൽ നിന്നും സദനം വാസുദേവനിൽ നിന്നും അഭ്യസിച്ചു. പട്ടരാത്ത് ശങ്കരമാരാരിൽ നിന്നാണ് ഇടയ്ക്ക അഭ്യസിച്ചത്. അച്ഛൻ തന്നെയാണ് മട്ടന്നൂരിന് തായമ്പകയിലെ ഗുരു.
പതിമൂന്നാം വയസ്സിൽ മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിൽ അച്ഛനൊപ്പമായിരുന്നു അരങ്ങേറ്റം. പിന്നീട് ചെണ്ട വാദ്യത്തിലെയും തായമ്പകയിലെയും നിത്യവിസ്മയമായി മാറുകയായിരുന്നു മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ. മുപ്പത്തിയാറ് വർഷത്തോളം തൃശ്ശൂർ പൂരത്തിന്റെ ഭാഗമായി. പിന്നീട് ഇരുന്നൂറ്റി അൻപതോളം വാദ്യക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവമ്പാടി ഭാഗത്തിന്റെ അമരക്കാരനായി, പ്രമാണിയായി മട്ടന്നൂർ കൊട്ടിക്കയറി. 2005ൽ 'പ്രമാണിപ്പട്ടം' നൽകി ക്ഷേത്ര സമിതി മട്ടന്നൂരിനെ ആദരിച്ചു.

ചെണ്ടമേളത്തിൽ മലമേക്കാവ് ശൈലി, പാലക്കാട് ശൈലി എന്നതിന് പുറമെ മട്ടന്നൂർ ശൈലി കൊണ്ട് വരാൻ ശങ്കരാൻകുട്ടിമാരാർക്കു സാധിച്ചു. കാലാനുസൃതമായ മാറ്റങ്ങളും പരീക്ഷണങ്ങളും ചെണ്ട വാദ്യത്തിൽ കൊണ്ടുവരാൻ മട്ടന്നൂരിന് താല്പര്യമുണ്ടായിരുന്നു.
പരമ്പരാഗത താളമായ പഞ്ചവാദ്യത്തെ അടന്ത താളത്തിനു പകരം പഞ്ചാരിയിൽ ചിട്ടപ്പെടുത്തി. പഞ്ചാരി പഞ്ചവാദ്യം എന്നാണ് ഇത് അറിയപ്പെടുന്നത്. ചെണ്ടമേളയിലെ റൊമാന്റിക് ഭാവമാണ് മട്ടന്നൂർ എന്നും പറയപ്പെടുന്നു. പ്രശസ്ത മൃദംഗ വിദ്വാനായ ഉമയാൾപുരം ശിവരാമനൊപ്പമുള്ള ജുഗൽബന്ധികളും പ്രശസ്തമാണ്.
"നമ്മുടേതായുള്ള ചെണ്ടമേളം, പഞ്ചവാദ്യം, തായമ്പക, ഇത്തരം കലാരൂപങ്ങൾ അത് കേരളത്തിന്റെ മാത്രമാണ്. അതിൽ എന്തൊക്കെ ഡെവലപ്പ്മെൻറ്സ് കൊണ്ടുവരാം എന്നാണ് നോക്കുന്നത്. 'പഞ്ചാരി മേളം ശ്രുതി മേളം' എന്ന് പറഞ്ഞിട്ട് ചെറിയ ഒരു വിഷയം മുൻപ് ചെയ്തിരുന്നു. കേരളത്തിൽ അതല്ലാതെ ഒരുപാട് താളങ്ങളുണ്ട്. പഞ്ചാരി, പാണ്ടി, ചെമ്പട, ചെമ്പ എന്നിങ്ങനെ. ഇതിലൊക്കെ തന്നെ ശ്രുതി മധുരമായ താളങ്ങൾ നിർവഹിക്കാൻ സാധിച്ചാൽ അതിനാണ് ഫസ്റ്റ് പ്രിഫറൻസ്." മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ popadom.in നോട് പറഞ്ഞു.

4500 ഓളം വേദികൾ ഇതുവരെ മട്ടന്നൂരിന്റെ മേളപ്പെരുമ അറിഞ്ഞിട്ടുണ്ട്. നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചു. ഓക്സ്ഫോർഡ് സർവകലാശാലയിൽ ചെണ്ട വാദ്യത്തെ കുറിച്ച് പ്രഭാഷണം അവതരിപ്പിക്കാൻ ക്ഷണിക്കപ്പെട്ടു. 2009 ൽ പദ്മശ്രീ നൽകി രാജ്യം ശങ്കരൻകുട്ടി മാരാരെ ആദരിച്ചു. പദ്മശ്രീക്കു പുറമെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തി.
എന്നും 'കുട്ടി'യായി പഠിച്ചു കൊണ്ടിരിക്കുവാൻ ആണ് മട്ടന്നൂർ ആഗ്രഹിക്കുന്നത്. പഠനം എല്ലാ കാര്യത്തിലും വിഷയമാണ് എന്ന് പറയുന്ന മട്ടന്നൂരിന്റെ വലിയ സ്വപ്നം ചെണ്ട വാദ്യ പഠനത്തിനായി, ഗുരുകുല സമ്പ്രദായത്തിൽ ഒരു സ്ഥാപനം തുടങ്ങണം എന്നതാണ്. ആ സ്വപ്നം യാഥാർത്ഥ്യമായോ എന്ന ചോദ്യത്തിന് അതിന്നും മോഹമായി മാത്രം അവശേഷിക്കുകയാണ് എന്ന് അദ്ദേഹം പറയുന്നു.

"എന്തെങ്കിലും പറഞ്ഞ് ഒരു 2 ദിവസം കൊണ്ട് കലാശിക്കാനുദ്ദേശിക്കുന്ന ഒരു വിഷയമല്ല ഇത്. അതുകൊണ്ട് ആ മോഹമിപ്പോഴും മനസിലുണ്ട്. അത് കൊണ്ടുനടക്കാൻ സാധിക്കും എന്ന വിശ്വാസവുമുണ്ട്. കൊട്ടിക്കാൻ മട്ടന്നൂരും കൊട്ടാൻ അനുസരണയുള്ള ശിഷ്യന്മാരും വേണം. കോറോണയുടെ ഈ പ്രത്യേക സാഹചര്യത്തിൽ ഇതിനുവേണ്ടി ഇറങ്ങിപുറപ്പെടാൻ സാധിക്കാത്തത് കൊണ്ട് മാത്രമാണ് ഇതുവരെയും ഈ സ്വപ്നം യഥാർത്ഥ്യമാവാത്തത്. " അദ്ദേഹം പറഞ്ഞു.
"വാദ്യമേഖലയിൽ നിന്ന് തന്നെയുള്ള ഒരുപാട് സന്മനസുള്ള കലാകാരന്മാർ ഈ മോഹങ്ങളെല്ലാം ചെയ്യുവാനും ചെയ്യിക്കുവാനും പ്രാപ്തമായി കൂടെയുണ്ട്. സർക്കാരിന്റെ ഭാഗത്തു നിന്നും സഹായങ്ങൾ പ്രതീക്ഷിക്കുന്നില്ല, അനുഗ്രഹങ്ങൾ മാത്രം മതി" അദ്ദേഹം കൂട്ടിച്ചേർത്തു.
"കൊട്ടിക്കയറി തിമർത്തു തകർത്തു നിർത്തുമ്പോഴാണ് സങ്കടം വരിക, ഇത്ര വേഗം കഴിഞ്ഞോ എന്ന്"
അറുപത്തിയെട്ടിലും കൊട്ടി കൊതി തീരാത്ത മട്ടന്നൂരിന്റെ കുട്ടി മനസ് ഇങ്ങനെയാണ്.
Comments