നിലയ്ക്കാത്ത രാജാമണി സംഗീതം
- POPADOM
- Feb 14, 2022
- 1 min read
പശ്ചാത്തല സംഗീതത്തിൽ മാന്ത്രികത സൃഷ്ടിച്ച് പേരെടുത്ത സംഗീത സംവിധായകരുടെ പട്ടികയിൽ മുന്നിലാണ് രാജാമണി. 'ആറാം തമ്പുരാൻ' സിനിമയിലെ പശ്ചാത്തല സംഗീതം മാത്രം മതി അദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിയാൻ. ആ നാദോപാസകൻ വിട വാങ്ങിയിട്ട് ഇന്ന് 6 വർഷങ്ങൾ പിന്നിട്ടു.

സംഗീത കുടുംബത്തിലാണ് രാജാമണി ജനിച്ചത്. അച്ഛൻ ബി.എ ചിദംബരനാഥിന് മക്കളെല്ലാവരും സംഗീതം പഠിച്ചിരിക്കണമെന്ന നിർബന്ധം ഉണ്ടായിരുന്നു. കർണാടക സംഗീത കുടുംബമായിരുന്നെങ്കിലും രാജാമണി തന്റെ സംഗീത ജീവിതത്തെ വിശാലമായ കാൻവാസിലേക്ക് പകർത്തി. ഹിന്ദുസ്ഥാനിയും പാശ്ചാത്യ സംഗീതവും അദ്ദേഹം പഠിച്ചു. തമിഴിലായിരുന്നു രാജാമണിയുടെ സംഗീത സംവിധാനത്തിന്റെ തുടക്കം. 1983 ൽ പുറത്തിറങ്ങിയ 'ഗ്രാമത്തു കിളികളി'ലൂടെ അദ്ദേഹം ആദ്യ ചുവടുവെച്ചു. 1985 ൽ 'നുള്ളിനോവിക്കാതെ' എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാന്നിദ്ധ്യമായി. 2016 വരെയുള്ള കാലഘട്ടത്തിൽ 70 സിനിമകൾക്ക് വേണ്ടി അദ്ദേഹം സംഗീതമൊരുക്കി.
എന്നാൽ ഹിറ്റായതെല്ലാം രാജാമണിയുടെ പശ്ചാത്തല സംഗീതമായിരുന്നു. എഴുന്നൂറിലേറെ സിനിമകൾക്ക് അദ്ദേഹം പശ്ചാത്തല സംഗീതമൊരുക്കി. നരസിംഹം, ദി കിങ്, ഏകലവ്യൻ, കമ്മീഷണർ എന്നീ ചിത്രങ്ങൾ ഇവയിൽപ്പെടുന്നവയാണ്. 2012 ൽ പുറത്തിറങ്ങിയ 'ഹൈഡ് ആന്റ് സീക്ക്'
ആണ് സംഗീതമൊരുക്കിയ അവസാന ചിത്രം. ഹൃദയാഘാതത്തെ തുടർന്ന് 2016ൽ അറുപതാം വയസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
Comments