എസ് പി ബി ഇല്ലാത്ത ഒരു വർഷം
- POPADOM
- Sep 25, 2021
- 1 min read
"ഞാൻ ഒരൊറ്റ ഭാഷയിലേ പാടിയിട്ടുള്ളൂ. അത് സംഗീതം എന്ന ഭാഷയിലാണ്"
സംഗീതം കൊണ്ട് സകല അതിർവരമ്പുകളെയും തുടച്ചു നീക്കി കോടാനുകോടി മനസുകളിൽ ഇടം നേടിയ എസ് പി ബാലസുബ്രഹ്മണ്യം ഇങ്ങനെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസമായിരുന്നു ആ അസാമാന്യ പ്രതിഭ സംഗീത ലോകത്തെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞത്. ആ അസാനിധ്യം അറിയാത്ത പോലെ
ജീവിതത്തിലെ പല സന്ദര്‍ഭങ്ങൾക്കും പശ്ചാത്തലമായി എസ് പി ബി യുടെ പാട്ടുകളുണ്ട് ഇപ്പോഴും.

1969ല്‍ ദേവരാജൻ മാസ്റ്റർക്ക് വേണ്ടിയാണ് എസ് പി ബി ആദ്യമായി മലയാളത്തിൽ പാടുന്നത്. 'കടല്‍പ്പാലം' എന്ന സിനിമയിലെ 'കടലും മറുകടലും'എന്ന ഗാനം. അതില്‍ 'മനുഷ്യനെ മാത്രം കണ്ടില്ല' എന്നു പാടുന്നിടത്ത് സങ്കടം കലര്‍ന്ന ഒരു ചിരി ചിരിക്കുന്നുണ്ട് അദ്ദേഹം. അത്തരത്തിലുള്ള പരീക്ഷണങ്ങളാണ് എസ് പി ബി എന്ന സംഗീതജ്ഞനെ ജനമനസുകളിൽ ഇത്രത്തോളം ആഴത്തിൽ പതിപ്പിച്ചത്. 118 പാട്ടുകളാണ് അദ്ദേഹം മലയാളസിനിമയ്ക്കു വേണ്ടി പാടിയിട്ടുള്ളത്.
മാധ്യമ പ്രവർത്തകനും സംഗീതജ്ഞരെ ആഴത്തിൽ അറിയുന്ന പാട്ടെഴുത്തുകാരനുമായ രവി മേനോൻ എസ് പി ബി എന്ന സംഗീതജ്ഞനെക്കുറിച്ചുള്ള നിരീക്ഷണം ഇങ്ങനെ പങ്കുവെക്കുന്നു.
"എസ് പി ബി യുടെ മരണത്തിനു ശേഷം പലരും എന്നെ വിളിച്ചു കരഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ ഒരു ഭാഗം പോയത് പോലെ എന്ന് പറഞ്ഞുകൊണ്ട്. അപ്പോഴാണ് ഞാൻ മനസിലാക്കുന്നത് എസ് പി ബി യുടെ പാട്ടുകളോട് ഇത്രയും വലിയ ഒരു ആത്മബന്ധം മലയാളികൾക്കുണ്ട് എന്ന്. പാട്ടിന് അനുയോജ്യമായിട്ടുള്ള എക്സ്പ്രഷൻ കൊടുക്കുക എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം. ഭാഷ പോലും അത് കഴിഞ്ഞിട്ടേ വരുന്നുള്ളൂ. ഓരോ ഭാവങ്ങളും പാട്ടിൽ കൃത്യമായി കൊടുക്കാൻ അറിയുന്ന ഒരു പ്രൊഫഷണൽ ഗായകൻ ആയിരുന്നു എസ് പി ബി. പക്ഷെ അദ്ദേഹത്തിന്റെ മരണ ശേഷമാണ് ഇത് പലരും തിരിച്ചറിഞ്ഞത് എന്നത് വലിയ സങ്കടം തന്നെയാണ്. ഒരു നല്ല ഗായകൻ ഒരു നല്ല മനുഷ്യൻ കൂടിയാവണം. ഇത് രണ്ടും കൂടി ഒന്നിച്ചു വന്ന അപൂർവ്വം ആളുകളിൽ ഒരാളാണ് എസ് പി ബി. അത് തന്നെയാണ് അദ്ദേഹത്തോടുള്ള സ്നേഹക്കൂടുതലിനു കാരണം. എസ് പി ബി പാട്ടുകൾക്ക് കൊടുക്കുന്ന സോൾ... അത് ആർക്കും അനുകരിക്കാൻ സാധിക്കുന്നതല്ല".
ജീവിച്ചിരിക്കെ തന്നെ ഇതിഹാസമായി മാറിയ 'പാടും നിലാ' തലമുറകളിലൂടെ എന്നും ഭാരതീയർക്കുള്ളിൽ നിലനിൽക്കും.
Comments