top of page

ഓർമയിൽ ദക്ഷിണാമൂർത്തി; വിടവാങ്ങലിന്റെ എട്ടാം വർഷം.

  • POPADOM
  • Aug 2, 2021
  • 2 min read

മലയാള സിനിമക്ക് ശാസ്ത്രീയ സംഗീതത്തിന്റെ ലയമാധുര്യം നൽകി പാട്ടിന്റെ പാലാഴിതീർത്ത സംഗീത ചക്രവർത്തി വി . ദക്ഷിണാമൂർത്തി വിടവാങ്ങിയിട്ട് 8 വർഷം. കർണാട്ടിക് സംഗീതത്തെ അതിന്റെ മാറ്റ് തെല്ലുപോലും കുറയാതെ ലളിത ഗാനത്തിലേക്ക് ഉപയോഗിച്ച് സംഗീതപ്രേമികളെ ഹരംകൊള്ളിച്ച നാദവിസ്മയമായിരുന്നു 'സ്വാമി'.


ree

1950-ൽ ബോബൻ കുഞ്ചാക്കോയുടെ 'നല്ലതങ്ക' യിലൂടെയാണ് ദക്ഷിണാമൂർത്തി സിനിമയിലെത്തിന്നത്. “ശംഭോ ഞാൻ കാണ്മതെന്താണിദം അടയുകയോ ഓമൽക്കവാടങ്ങളിദം” എന്നാരംഭിയ്ക്കുന്ന വിരുത്തമാണ് സിനിമയ്ക്കു വേണ്ടി ആദ്യം ചിട്ടപ്പെടുത്തിയത്. പ്രശസ്തരായ പി.ലീല, പി.സുശീല, കല്യാണി മേനോൻ, ഇളയരാജ എന്നിവർ ദക്ഷിണാമൂർത്തിയുടെ ശിഷ്യരാണ്. മലയാള നാടക - സിനിമ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ അഗസ്റ്റിൻ ജോസഫ് ഭാഗവതർ, അദ്ദേഹത്തിന്റെ മകൻ ഗാനഗന്ധർവൻ കെ.ജെ.യേശുദാസ്, മകൻ വിജയ് യേശുദാസ് , വിജയുടെ മകൾ അമേയ എന്നിങ്ങനെ ഒരു കുടുംബത്തിലെ നാല് തലമുറയിൽപ്പെട്ട ഗായകരെ കൊണ്ട് പാടിച്ച ചലച്ചിത്ര സംഗീത സംവിധായകൻ എന്ന അപൂർവ്വ ബഹുമതിക്ക് ഉടമയാണ് ദക്ഷിണാമൂർത്തി. പ്രശസ്ത സംഗീത സംവിധായകനായ ആർ.കെ.ശേഖറും മകൻ എ.ആർ.റഹ്മാനും അദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.


1919-ൽ ആലപ്പുഴയിൽ ഡി വെങ്കിടേശ്വര അയ്യരുടേയും പാർവതി അമ്മാളുടേയും പുത്രനായി ജനിച്ചു. ചെറുപ്പത്തിൽ അമ്മയിൽ നിന്നുമാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അദ്ദേഹം സ്വായത്തമാക്കുന്നത് പിന്നീട് എസ്എസ്എൽസിക്കു ശേഷം തിരുവനന്തപുരത്ത് വെങ്കിടാചലം പോറ്റിയിൽ നിന്നും മുറപ്രകാരം സംഗീതം അഭ്യസിക്കുകയും ചെയ്തു. ദേവരാജന്‍ മാസ്റ്റർ , ബാബുരാജ്, കെ രാഘവന്‍ എന്നിവരുടെ കൂടെ മലയാള സിനിമാഗാനങ്ങള്‍ക്ക് സ്വന്തമായ ഒരു ശൈലി ഉണ്ടാക്കിയെടുക്കാൻ ദക്ഷിണാമൂർത്തിക്ക് സാധിച്ചു. ഗാനരചിതാവായ ശ്രീകുമാരന്‍ തമ്പിയുമായി ചേര്‍ന്ന് ഏറ്റവും ജനപ്രിയമായ കൂട്ടുകെട്ടാണ് അദ്ദേഹം പടുത്തുയര്‍ത്തിയത്.


സ്വപ്നങ്ങളെ നിങ്ങൾ സ്വർഗകുമാരികളല്ലോ.., പാട്ടു പാടി ഉറക്കാം ഞാൻ.., ഉത്തരാ സ്വയംവരം.., കാട്ടിലെ പാഴ്മുളം.., ഹൃദയസരസിലെ.., പൊൻവെയിൽ മണിക്കച്ച.., ഇന്നലെ നീയൊരു സുന്ദരരാഗമായ.., ചന്ദനത്തിൽ കടഞ്ഞെടുത്തൊരു.., സന്ധ്യയ്ക്കെന്തിനു സിന്ദൂരം.., എന്നിങ്ങനെ തുടങ്ങി മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നിരവധി ഗാനങ്ങളാണ് അദ്ദേഹം ഒരുക്കിയത്. 939 ഗാനങ്ങൾക്ക് ഈണം നൽകിയ അദ്ദേഹം 28 ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്. ആശാദീപം, കാവ്യമേള, ചന്ദ്രോത്സവം എന്നീ ചിത്രങ്ങളിൽ അതിഥിതാരമായെത്തുകയും ചെയ്തു.

1971 - ൽ വിലയ്ക്കു വാ‍ാങ്ങിയ വീണ, മറുനാട്ടിൽ ഒരു മലയാളി, മുത്തശ്ശി എന്നീ സിനിമകളുടെ സംഗീതത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1998-ല്‍ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയല്‍ പുരസ്‌കാരം, 2013-ല്‍ സ്വാതി തിരുനാള്‍ പുരസ്‌കാരം എന്നിവ സ്വാമിയേ തേടിയെത്തി. 2019ല്‍ ശ്യാമരാഗം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ജൂറിയുടെ പ്രത്യേക പരാമര്‍ശം മരണാന്തര ആദരമായി സമര്‍പ്പിക്കപെട്ടു.


92-ആം വയസ്സിലും ചില റിയാലിറ്റി ഷോകളിൽ ജഡ്ജായി തന്റെ സാന്നിദ്ധ്യമറിയിച്ച ശ്രീ വി. ദക്ഷിണാമൂർത്തി 94 ആം വയസ്സിൽ 2013 ആഗസ്റ്റ് 2 ന് വൈകിട്ട് 6.30 നു മൈലാപ്പൂർ ഉള്ള സ്വവസതിയിൽ വച്ച് ഈ ലോകത്തോടു വിടപറഞ്ഞു. ആറു പതിറ്റാണ്ടുകാലത്തെ സംഗീത സപര്യയിൽ നാല് തലമുറയ്ക്ക് സംഗീതം നൽകാൻ കഴിഞ്ഞ ഈ സംഗീതകുലപതിയുടെ ഓർമ്മയ്ക്കു മുമ്പിൽ പ്രണാമം.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page