top of page

വേഗരാജാക്കന്മാരിലെ ബീസ്റ്റ്!

  • ANEEJ JAYAN
  • Jun 27, 2021
  • 2 min read

ജമൈക്കയിലെ സ്പാനിഷ് ടൗൺ പട്ടണത്തിലെ ഹൈസ്‌കൂളിൽ ക്രിക്കറ്റ് ഭ്രാന്തന്മാർ ഒരുപാടുണ്ടായിരുന്നു. കരീബിയൻ ക്രിക്കറ്റിന്റെ വന്യ സൗന്ദര്യം കണ്ടു വളർന്ന അവർ വേറെന്തിനെ സ്നേഹിക്കാനാണ്?!


ആ സ്‌കൂളിലൊരുവനുണ്ടായിരുന്നു. ഒരു ഫാസ്റ്റ് ബോളർ. സാധാരണയിൽ കവിഞ്ഞ റണ്ണപ്പുകളുമായി ഓടി വന്നു പന്തെറിഞ്ഞിരുന്ന ഒരു ഉശിരൻ ചെക്കൻ. ഒരിക്കൽ സ്‌കൂൾ ഗ്രൗണ്ടിലെ കളി കാണാനെത്തിയ പ്രിൻസിപ്പലിന്റെ ശ്രദ്ധ ചെന്ന് പെടുന്നത് ഇവന്റെ റണ്ണപ്പുകളിലേക്കാണ്. പതിവിലും കൂടുതൽ ദൂരം മറ്റുള്ളവരെക്കാൾ ഏറെ വേഗതയോടെ അവൻ ഓടിയിരുന്നു. ആ വേഗം ബോളിങ് റണ്ണപ്പുകൾക്കു മാത്രം കുതിപ്പ് പകരേണ്ടവ അല്ല എന്നദ്ദേഹം തിരിച്ചറിഞ്ഞു. അതിനാൽ തന്നെ അവനെ അത്‌ലറ്റിക്സിലേക്ക് ശ്രദ്ധ തിരിക്കാൻ അദ്ദേഹം പ്രേരിപ്പിച്ചു. ആ നിർദേശം അവൻ സ്വീകരിക്കുകയും ചെയ്തു. ആ പ്രിൻസിപ്പൽ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്.


ree

പക്ഷെ രണ്ടു പതിറ്റാണ്ടിനിപ്പുറം അവന്റെ നാമം ലോകം വാഴ്ത്തിപ്പാടുന്നില്ല. ഒരുപക്ഷെ ഒരല്പ കാലം കൂടെ കഴിയുമ്പോൾ ആ പേര് ആളുകളുടെ ഓർമയിൽ നിന്ന് പോലും മാഞ്ഞു പോയേക്കാം.

പറഞ്ഞു വരുന്നത് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ മനുഷ്യനെ കുറിച്ചാണ്. ബോൾട്ടില്ലായിരുന്നെങ്കിൽ അത് ലറ്റിക്സ് ലോകത്തിന്റെ രാജാവായി ലോകമറിയേണ്ടിയിരുന്നവൻ. താഴെയുള്ള ചിത്രത്തിൽ വിജയാഹ്ളാദം പ്രകടിപ്പിക്കുന്ന ബോൾട്ടിനെ അത്ഭുതത്തോടെ നോക്കുന്ന ആ രണ്ടാമൻ. കാലം തെറ്റി ജനിച്ചൊരു പ്രതിഭ.


ദി ജമൈക്കൻ ബീസ്റ്റ് - യൊഹാൻ ബ്ലേയ്ക്..!


ഉശിരോടെ ഒന്നാമനാകാൻ ഒരു രണ്ടാമന്റെ ഭീഷണി അനിവാര്യമാണ്. ഒരു പക്ഷെ ബോൾട്ടിന്റെ അശ്വമേധത്തിന് ഊർജം പകർന്ന വെല്ലുവിളി ആയിരുന്നു ജമൈക്കക്കാരൻ തന്നെയായ ബ്ലേക്കിന്റെ കരിയർ. 100 മീറ്ററിൽ 9.69 ആണ് ബ്ലേക്കിന്റെ മികച്ച സമയം. അമേരിക്കയുടെ ടൈസൺ ഗേയും ആ വേഗം കൈവരിച്ചിട്ടുണ്ട്. അതിനേക്കാൾ വേഗത്തിൽ ബോൾട്ട് മാത്രമേ ഓടിയിട്ടുള്ളു. പക്ഷേ ബ്ലേക്കിന്റെ റേഞ്ച് മനസ്സിലാക്കണമെങ്കിൽ 100 മീറ്ററിൽ മാത്രമല്ല 200 മീറ്ററിലും അദ്ദേഹത്തേക്കാൾ മികച്ച സമയം ബോൾട്ടിന് മാത്രമേയുള്ളു ചരിത്രത്തിൽ എന്ന് നാം തിരിച്ചറിയണം. ബോൾട്ട് - 19.19 ബ്ലേക് - 19.26. സാക്ഷാൽ മൈക്കൽ ജോൺസണെക്കാൾ (19.32) മികച്ച സമയം.


ഓട്ടത്തിലെ റിയാക്ഷൻ സമയം മാറ്റി സ്പ്രിന്റിങ് സമയം മാത്രം കണക്കു കൂട്ടിയാൽ 200 മീറ്ററിൽ ലോകത്തിലെ ഏറ്റവും മികച്ച സമയം ബ്ലേക്കിന്റെതു ആണ് - 18.99!! പത്തൊൻപതു സെക്കന്റിനു താഴെ ക്ലോക്ക് ചെയ്തിട്ടുള്ള ഒരേയൊരുവൻ! പക്ഷേ ജനിച്ചു വളർന്നത് ബോൾട്ടിനൊപ്പമായിപ്പോയത് കൊണ്ട് മാത്രം വേണ്ടത്ര അംഗീകാരം ലഭിക്കാത്ത നേട്ടങ്ങളുടെ രാജകുമാരൻ.

ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റി റെക്കോർഡുകൾ ഭേദിച്ച് ബോൾട്ട് ഒരു താരോദയമായ 2008ൽ അദ്ദേഹത്തിനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു "താങ്കൾക്കൊരു വെല്ലുവിളിയായി അടുത്ത കാലത്താരും വരുമെന്ന് തോന്നുന്നില്ല. എന്ത് തോന്നുന്നു താങ്കൾക്കതിനെ പറ്റി?" ബോൾട്ടിന്റെ മറുപടി ഇപ്രകാരമായിരുന്നു "നിങ്ങൾ എന്റെ ട്രെയിനിങ് പാർട്ണർ ആയ യൊഹാൻ ബ്ലേക്കിനേ ശ്രദ്ധിച്ചു കൊൾക. വരും വർഷങ്ങളിൽ അവനുയർത്തുന്ന വെല്ലുവിളികളെ മറികടക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ കടമ്പ. ഹി ഈസ് എ ബീസ്റ്റ് ആൻഡ് ട്രൈൻസ് ലൈക് വൺ."

അന്ന് ബോൾട്ട് അവനിട്ട ചെല്ലപ്പേരാണ് ബീസ്റ്റ്. പിന്നീടത് ലോകം മുഴുവൻ ഏറ്റെടുത്തു.

Yohan Blake was indeed the Jamaican Beast!


ree

ഉസൈൻ ബോൾട്ട് ഡിസ്ക്വാളിഫൈ ചെയ്യപ്പെട്ട 2011 ലോക ചാമ്പ്യൻഷിപ്പിലെ സ്വർണ്ണം ആണ് ഏറ്റവും മികച്ച വ്യക്തിഗത നേട്ടം. 2012ൽ തന്റെ ഫോമിന്റെ ഉച്ചസ്ഥായിയിൽ നിന്നിരുന്ന സമയത്തു പങ്കെടുത്ത ലണ്ടൻ ഒളിമ്പിക്സിൽ 100, 200 മീറ്ററിൽ ബോൾട്ടിന് തൊട്ടു പിന്നാലെ ഫിനിഷ് ചെയ്ത വെള്ളി മെഡലുകളും മാറ്റൊട്ടും കുറയാത്ത നേട്ടങ്ങളാണ്. റിലേ സ്വർണങ്ങൾ വേറെയും.

2012ന് ശേഷം പിന്നീടിങ്ങോട്ട് പരിക്കുകളുടെ ഘോഷയാത്ര ആയിരുന്നു. ഒരിക്കലും ആ മികച്ച ഫോമിലേക്ക് തിരികെയെത്തിയില്ലെങ്കിലും ബോൾട്ടിന്റെ കരിയറിൽ ബ്ലേക്കിനോളം വെല്ലുവിളി ഉയർത്തിയ മറ്റൊരു താരം ഇല്ലായിരുന്നു (അവസാന കാലത്തു ജസ്റ്റിൻ ഗാറ്റ്ലിൻ ഒരപവാദമാണ്).

ചില കരിയറുകൾ അങ്ങനെയാണ്. കാലം തെറ്റി പിറവിയെടുക്കുന്നവ. ലോകം കീഴടക്കി വിജയഭേരി മുഴക്കുന്ന ഒന്നാമന്മാരുടെ നിഴലിൽ ഒതുങ്ങിപ്പോകുന്ന അസാമാന്യ പ്രതിഭകൾ ആയ രണ്ടാമന്മാരുടേതു കൂടിയാണ് ഈ ലോകവും ആ വിജയങ്ങളുടെ ചെറിയൊരു പങ്കും.


പ്രിയപ്പെട്ട ബ്ലേക്, നിനക്കഭിമാനിക്കാം ഉസൈൻ ബോൾട്ടിന്റെ കാലുകൾക്കു കൂടുതൽ വേഗത പകരാൻ സാധിച്ചതിന്!



Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page