ലോക സിനിമക്ക് മുന്നില്‍ തലയുയര്‍ത്തി മലയാളത്തിന്റെ 'അറിയിപ്പ്'
- POPADOM
- Aug 9, 2022
- 1 min read
ലോക സിനിമയ്ക്ക് മുന്നില്‍ മലയാള സിനിമയുടെ അഭിമാനമായി മഹേഷ് നാരായണന്‍-കുഞ്ചാക്കോ ബോബന്‍ ചിത്രം 'അറിയിപ്പ്'. സ്വിറ്റ്‌സര്‍ലാന്‍ഡിലെ എഴുപത്തിയഞ്ചാമത് ലൊക്കാനോ ചലച്ചിത്രമേളയുടെ ഓപ്പണിങ് ചിത്രമായി പ്രദര്‍ശിപ്പിച്ച് അറിയിപ്പിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഈ വര്‍ഷം ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച ചിത്രം എന്നാണ് മാധ്യമപ്രവര്‍ത്തകയായ അന്ന എം വെട്ടിക്കാട് 'അറിയിപ്പി'നെ വിശേഷിപ്പിച്ചത്.
ശാരീരിക പീഡനം ഉള്‍പ്പെടെയുള്ള സ്ത്രീ പീഡനങ്ങളെ ഇക്കിളിപ്പെടുത്തുന്ന തരത്തിൽ അല്ലാതെ ചിത്രീകരിച്ചിരിക്കുന്ന സിനിമ എന്നാണ് അന്ന എം വെട്ടിക്കാട് തന്റെ നിരൂപണത്തില്‍ പറഞ്ഞിരിക്കുന്നത്. റേപ്പിനേയും വയലന്‍സിനേയും സ്‌ക്രീനില്‍ പ്രത്യക്ഷമായി കാണിക്കാതെ തന്നെ പ്രേക്ഷകരിലേക്ക് അതിന്റെ ആഘാതം പകരാന്‍ ചിത്രത്തിനാകുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2500 ഓളം പേരാണ് 'അറിയിപ്പ്' ന്റെ ലോക പ്രീമിയറിന് സാക്ഷ്യം വഹിച്ചതെന്നും സിനിമ കഴിഞ്ഞതിന് ശേഷം വലിയ കരഘോഷങ്ങള്‍ ഉണ്ടായെന്നും കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ദിവ്യ പ്രഭ, അതുല്യ ആഷാഢം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ലൊക്കാനോ ഫിലിം ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് 17 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം തിരഞ്ഞെടുക്കപ്പെടുന്നത്. ഋതുപര്‍ണ ഘോഷ് സംവിധാനം ചെയ്ത 'അന്തര്‍മഹല്‍' എന്ന ബംഗാളി ചിത്രമാണ് അവസാനമായി 2005ല്‍ മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Comments