150 കോടിയുടെ ബാഹുബലി സിരീസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചു
- POPADOM
- Jan 28, 2022
- 1 min read
ബാഹുബലി സിനിമകളിലെ രാജമാതാ ശിവകാമി ദേവിയെ കേന്ദ്രീകരിച്ച് തയ്യാറാക്കുന്ന ബാഹുബലി സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്. 150 കോടി രൂപ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന സീരീസിന്റെ ചിത്രീകരണവും പോസ്റ്റ് പ്രോഡക്ഷനും പൂര്‍ത്തിയായിരിക്കെയാണ് നെറ്റ്ഫ്ലിക്സ് പ്രോജക്ട് ഉപേക്ഷിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സീരീസിന് പ്രതീക്ഷിച്ച നിലവാരമില്ലാത്തതാണ് പിന്‍മാറ്റത്തിന് കാരണം. പുതിയ സംവിധായകനേയും ക്രൂവിനേയും വെച്ച് സിരീസിന്റെ ചിത്രീകരണം വീണ്ടും തുടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബാഹുബലി ബിഫോര്‍ ദ ബിഗിനിങ് എന്ന് പേരിട്ട സീരീസില്‍ ശിവകാമി ദേവി, കട്ടപ്പ എന്നിവരെ കേന്ദ്രീകരിച്ചാണ് കഥ. ബാഹുബലിയുടെ ജനനത്തിന് മുന്‍പുള്ള കാലമാണ് കഥയ്ക്ക് ആധാരം. രമ്യ കൃഷ്ണന്‍ അത്യുജ്വലമാക്കിയ ശിവകാമിയായി മൃണാള്‍ താക്കൂറാണ് സിരീസില്‍ എത്തുന്നത്. ദേവ കട്ടയായിരുന്നു സംവിധായകന്‍. രാഹുല്‍ ബോസ്, അതുല്‍ കുല്‍ക്കര്‍ണി എന്നിവര്‍ കൂടി പിന്നീട് സീരീസിന്റെ ഭാഗമായി. 2021 ല്‍ ഹൈദരാബാദില്‍ ഒരുക്കിയ വമ്പന്‍ സെറ്റിലായിരുന്നു 6 മാസത്തെ ഷൂട്ടിങ്.

ആനന്ദ് നീലകണ്ഠന്റെ The Rise of Sivagami എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സീരീസ് നിര്‍മിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ബ്രഹ്മാണ്ഡ സിനിമകളായിരുന്നു എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ദ ബിഗിനിങ്, ബാഹുബലി കണ്‍ക്ലൂഷന്‍ എന്നിവ. സിനിമയ്ക്കൊപ്പം തന്നെ കിടപിടിക്കുന്നതാവണം സീരീസും എന്ന് നെറ്റ്ഫ്ലിക്സിന് നിര്‍ബന്ധമുണ്ടായിരുന്നു. ബാഹുബലി ചിത്രങ്ങളിലെ ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സീരീസിന്റെ ട്രെയ്ലറും നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നു.




Comments