വനിത മേക്കപ്പ് ആര്‍ട്ടിസ്റ്റിന് ഫെഫ്കയില്‍ അംഗത്വം; ചരിത്ര വിജയമെന്ന് WCC
- POPADOM
- Jul 5, 2022
- 1 min read
ഫെഫ്കയുടെ കീഴിലുള്ള സിനി മേക്കപ്പ് യൂണിയനില്‍ അംഗത്വം നേടുന്ന ആദ്യ വനിത മേക്കപ്പ് ആര്‍ട്ടിസ്റ്റായി മിറ്റ ആന്റണി. തിങ്കളാഴ്ച രാവിലെ ഫെഫ്ക ഓഫീസില്‍ നടന്ന ചടങ്ങില്‍ ഫെഫ്ക പ്രസിഡന്റും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണനാണ് അംഗത്വം കൈമാറിയത്. മുപ്പതിലധികം ചിത്രങ്ങളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച മിറ്റ ആന്റണിക്ക് ലഭിക്കാന്‍ പോകുന്ന സംഘടന കാര്‍ഡ് ചരിത്ര വിജയമാണെന്ന് സിനിമയിലെ വനിത സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതികരിച്ചു.

നിലവില്‍ ഇരുന്നൂറിലധികം അംഗങ്ങളുള്ള യൂണിയനില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കാര്‍ഡുള്ള ഒരു വനിത പോലുമില്ല. ഇതേക്കുറിച്ച് കഴിഞ്ഞദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിവേചനങ്ങളും നീതികേടുകളും കാരണം ഫീല്‍ഡ് വിടാന്‍ ഒരുങ്ങുകയാണ് മിറ്റ എന്ന വാര്‍ത്തകളും വന്നിരുന്നു. മലയാളത്തില്‍ ടൈറ്റില്‍ റോളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ആദ്യം വന്ന വനിതയാണ് മിറ്റ ആന്റണി. 'ഉടലാഴം' ആയിരുന്നു ആദ്യ ചിത്രം. എന്നാല്‍ ആദ്യം റിലീസ് ചെയ്ത ചിത്രം 'കൂടെ' ആയിരുന്നു.
'മിറ്റ ആന്റണിക്ക് ലഭിക്കാന്‍ പോകുന്ന ഈ മേക്കപ്പ് കാര്‍ഡ് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തു കൂടിയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സ്ത്രീകളും അവര്‍ക്കൊപ്പം വിമണ്‍ ഇന്‍ സിനിമാ കളക്ടീവും നടത്തിയ ഇടപെടലിന്റെ ആദ്യവിജയമാണിത്. ഇത് ഒരാളില്‍ ഒതുങ്ങാതെ ഇനിയും കൂടുതല്‍ സ്ത്രീകള്‍ക്ക് മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് യൂണിയന്റെ പ്രസ്തുത കാര്‍ഡ് ലഭിക്കാനും അതുവഴി തുല്യമായ തൊഴില്‍ അവസരങ്ങള്‍ മലയാള സിനിമയില്‍ ലഭിക്കാനും ഈ വിജയം കാരണമാകട്ടെ' - WCC പ്രതികരിച്ചു.
Comments