IFFK ഇന്ന് മുതൽ. രഹന മറിയം നൂർ ഉദ്ഘാടന ചിത്രം
- POPADOM
- Mar 18, 2022
- 1 min read
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. വൈകിട്ട് 6.30ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. ഐ എസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങിൽ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിക്കും.

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന് ഗായത്രി അശോകനും സൂരജ് സാത്തെയും ചേർന്ന് ഒരുക്കുന്ന ശ്രദ്ധാഞ്ജലിയോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കുന്നത്.
ബംഗ്ലാദേശിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ അധ്യാപികയായ രഹനയുടെ ജീവിത പോരാട്ടത്തിന്റെ കഥപറയുന്ന രഹന മറിയം നൂർ മേളയുടെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഒരു അപ്രതീക്ഷിത സംഭവത്തിന് സാക്ഷിയായ രഹന തന്റെ ആറു വയസുകാരിയായ മകൾക്കും കോളേജിലെ വിദ്യാർഥിനിക്കും വേണ്ടി നീതിക്കായി നടത്തുന്ന പോരാട്ടത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്.
ഓസ്കാർ നോമിനേഷൻ, കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ആദ്യ ബംഗ്ലാദേശി ചിത്രം എന്നീ ബഹുമതികൾ സ്വന്തമാക്കിയ ഈ ചിത്രത്തിന്റെ സംവിധായകൻ അബ്‍ദുള്ള മുഹമ്മദ് സാദാണ്. ഏഷ്യാ പസഫിക് ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെ നിരവധി മേളകളിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്.
ഉദ്ഘാടന ചടങ്ങിന് ശേഷമാകും പ്രദർശനം.




Comments