സൂര്യ വക്കീൽ വേഷത്തിൽ; യഥാർത്ഥ കഥയുമായി 'ജയ് ഭീം'
- POPADOM
- Aug 2, 2021
- 1 min read
കോളിവുഡിലെ നടപ്പിൻ നായകൻ സൂര്യ ആദ്യമായി വക്കീൽ കഥാപാത്രമായി എത്തുന്നു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന 'ജയ് ഭീം' സംവിധാനം ചെയ്തിരിക്കുന്നത് ടി.ജെ ജ്ഞ്യാനവേൽ ആണ്.

സൂര്യയുടെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ 2D എന്റർടൈൻമെന്റ് ആണ് സിനിമ നിർമിക്കുന്നത്. 1993ൽ നടന്ന യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മണികണ്ഠനാണ്.
മദ്രാസ് ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജഡ്ജി ചന്ദ്രു 1993 ൽ ഒരു ട്രൈബൽ യുവതിക്ക് വേണ്ടി നടത്തിയ നിയമ പോരാട്ടങ്ങളുടെ കഥയാണ് 'ജയ് ഭീം'. സൂര്യ ചന്ദ്രു എന്ന വക്കീൽ ആയി വരുമ്പോൾ പ്രകാശ് രാജ്, ലിജോ മോൾ ജോസ്, രജിഷ വിജയൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'ജയ് ഭീം' ഒടിടി റിലീസിന് ഒരുങ്ങുന്നതായും സൂചനകളുണ്ട്. ഇതിനായി ആമസോൺ പ്രൈം അണിയറ പ്രവർത്തകരുമായി ചർച്ച നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സൂര്യയുടെ പിറന്നാൾ ദിനം ജൂലൈ 23നായിരുന്നു 'ജയ് ഭീം' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയത്. പുതിയതായി പുറത്തിറങ്ങിയ 'സൂരറൈ പോട്ര്' ആമസോൺ പ്രൈമിൽ ആയിരുന്നു റിലീസ് ചെയ്തിരുന്നത്. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം സൂര്യയുടെ ഒരു ഗംഭീര തിരിച്ചു വരവ് തന്നെയായിരുന്നു 'സൂരറൈ പോട്ര്' . അതിനാൽ തന്നെ അത്രമേൽ പ്രതീക്ഷയിൽ തന്നെയാണ് സൂര്യ ആരാധകർ ജയ് ഭീമനായി കാത്തിരിക്കുന്നത്.




Comments