പൊതുബോധത്തെ പിടിച്ചുകുലുക്കി 'ജന ഗണ മന'
- POPADOM
- Apr 29, 2022
- 1 min read
തൊട്ടാൽ പൊള്ളുന്ന പ്രമേയം. ജാതി വിവേചനം മുതൽ രാജ്യദ്രോഹ പട്ടം വരെ ചാർത്തി കൊടുക്കുന്ന സിസ്റ്റത്തിന് കയ്യടിക്കുന്ന സമൂഹത്തിന്റെ കരണത്തടിക്കുന്ന സിനിമ. സമകാലിക ഇന്ത്യൻ സമൂഹവും രാഷ്ട്രീയവും നേരിടുന്ന സംഭവവികാസങ്ങളെ തുറന്നു കാട്ടുന്ന വെറുമൊരു ചിത്രമല്ല, ഒരു രാഷ്ട്രീയപ്രവർത്തനമാണ് 'ജന ഗണ മന'.

ഇന്ത്യയിലെ സെൻട്രൽ യൂണിവേഴ്സിറ്റികളിൽ നിലനിൽക്കുന്ന ജാതി വിവേചനവും ജനങ്ങളുടെ വികാരം കൊണ്ട് കളിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർക്കും സാമുദായിക കലാപങ്ങൾ സൃഷ്ടിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും നേരെ ഉയരുന്ന ചൂണ്ടുവിരലാണ് ചിത്രം.
ഷാരിസ് മുഹമ്മദിന്റെ കരുത്തുറ്റ തിരക്കഥയും സംഭാഷണങ്ങളും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. ശക്തമായ ഒരു വിഷയം അതിന്റെ പ്രാധാന്യവും തീവ്രതയും ഒട്ടും ചോരാതെ പ്രക്ഷകരിലേക്ക് എത്തിക്കാൻ ഷാരിസ് എന്ന എഴുത്തുകാരന് സാധിക്കുന്നുണ്ട്.
സഭ എന്ന കോളേജ് അധ്യാപികയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതയും അന്വേഷണവും അതിനെ തുടർന്നുള്ള സംഭവങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി തുടങ്ങുന്ന സിനിമ രണ്ടാം പകുതിയിൽ കോർട്ട് റൂം ഡ്രാമ ആയി മാറുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളാണ് ചിത്രത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. അവസാനം വരെയും സസ്പെൻസ് നിലനിർത്താൻ തിരക്കഥക്ക് സാധിക്കുന്നുണ്ട്.
ACP സജൻ കുമാർ എന്ന വളരെ കോംപ്ലക്സ് ആയ കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നായകനോ വില്ലനോ എന്ന് തിരിച്ചറിയാനാകാതെ ഗ്രേ ഷെയ്‌ഡിലുള്ള കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ തന്നെ സുരാജ് അവതരിപ്പിച്ചു. ചിത്രത്തിന്റെ ആദ്യപകുതി സുരാജ് ഷോ ആയിരുന്നെങ്കിൽ രണ്ടാം പകുതിയിൽ പ്യഥ്വിരാജിന്റെ അഴിഞ്ഞാട്ടമായിരുന്നു. തന്റെ കംഫർട്ട് സോണിൽ നിന്നിറങ്ങി വളരെ ഹെവി ആയിട്ടുള്ള ഒരു കഥാപാത്രത്തത്തെയാണ് പ്യഥ്വി അവതരിപ്പിക്കുന്നത്.
ആർക്കും പ്രവചിക്കാനാവാത്ത രീതിയിൽ മുന്നോട്ട് പോകുന്ന കഥ പ്രേക്ഷകരിൽ ഉദ്വേഗം ജനിപ്പിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ അതിനാടകീയതയും അനുഭവപ്പെടുന്നു. ചിത്രത്തിനൊരു രണ്ടാം പകുതി പ്രതീക്ഷിക്കാം എന്ന സൂചനകൾ നൽകിയാണ് ജന ഗണ മന അവസാനിക്കുന്നത്.
മമ്ത മോഹൻദാസ്, വിൻസി അലോഷ്യസ്, ഷമ്മി തിലകൻ, ശാരി തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.
സിനിമക്കൊപ്പം തന്നെ ജെയ്ക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും മികച്ച് നിന്നു. സുദീപ് ഇളമൺ ആണ് ഛായാഗ്രഹണം. പ്യഥ്വിരാജ് പ്രോഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.




Comments