'ജീ ലെ സെറ' റോഡ് ട്രിപ്പ് സിനിമയിലൂടെ ഫർഹാൻ അക്തർ വീണ്ടും
- POPADOM
- Aug 11, 2021
- 1 min read
പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവർ ഒന്നിക്കുന്ന 'ജീ ലെ സെറ' എന്ന ചിത്രത്തിലൂടെ സംവിധായക വേഷത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നതായി നടനും നിർമ്മാതാവുമായ ഫർഹാൻ അക്തർ അറിയിച്ചു. ഫർഹാൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ 'ദിൽ ചാഹ്താ ഹേ' യുടെ ഇരുപതാം വർഷമാണ് തന്റെ പുതിയ ചിത്രം അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. റോഡ് ട്രിപ്പ് പ്രമേയമാക്കിയ ഒരു സിനിമയായിരിക്കും 'ജി ലെ സെറ'

ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പ്രിയങ്ക, കത്രീന, ആലിയ, ഫർഹാൻ അക്തർ എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് പുറത്തുവിട്ടത് . പോസ്റ്ററിൽ ആലിയ, കത്രീന, പ്രിയങ്ക എന്നിവരുടെ പേരുകളും ഇന്ത്യയിലെ നിരവധി സ്ഥലങ്ങളുടെ കൊളാഷിൽ നിന്ന് നിർമ്മിച്ച കാറും ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള 'When Chai Met Toast' എന്ന ഇൻഡി പോപ്പ് ഫോക് മ്യൂസിക് ബാൻഡിന്റെ 'Firefly' എന്ന പാട്ടാണ് മോഷൻ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്.
ഒരു റോഡ് ട്രിപ്പ് ഡ്രാമയായി ചിത്രീകരിക്കുന്ന ഈ ചിത്രം, ഫർഹാനും റിതേഷ് സിദ്ധ്വാനിയും ഒന്നിക്കുന്ന എക്സൽ എന്റർടൈൻമെന്റും സോയാ അക്തർ, റീമ കഗ്തി എന്നിവർ നേതൃത്വം നൽകുന്ന ടൈഗർ ബേബിയും ചേർന്നാണ് നിർമ്മിക്കുന്നത്.
ഫർഹാൻ, സോയ, റീമ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
'ദിൽ ചാഹ്ത ഹേ', 'സിന്ദഗി ന മിലേഗി ദൊബാര' എന്നീ ചിത്രങ്ങൾക്ക് ശേഷം എക്സൽ മൂവീസ് നിർമ്മിക്കുന്ന മൂന്നാമത്തെ ട്രാവൽ തീം സിനിമയാണിത്.
ഡോൺ 2 ന് ശേഷം ഫർഹാൻ അക്തർന്റെ സംവിധാനത്തിലേക്കുള്ള തിരിച്ചുവരവുകൂടിയാണ് ഈ ചിത്രം. 'ജീ ലെ സെറ' 2022 സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കും.




Comments