top of page

വീണ്ടും ഞെട്ടിക്കാന്‍ ജീത്തു ജോസഫും മോഹന്‍ലാലും; '12th Man' എത്തുന്നു

  • POPADOM
  • Jul 5, 2021
  • 1 min read

'ദൃശ്യം 2' ന്റെ വന്‍ വിജയത്തിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. '12TH MAN' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. മോഹന്‍ലാലും ജീത്തുവും സമൂഹമാധ്യമങ്ങളില്‍ ഈ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.


ree

മിസ്റ്ററി ത്രില്ലര്‍ കാറ്റഗറിയിലാണ് ജീത്തു ജോസഫ് ഈ ചിത്രമൊരുക്കുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ബ്രോ ഡാഡിക്ക് മുന്‍പുതന്നെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

അതേസമയം, മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ 'റാം' കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് പുറമേ ലണ്ടന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍. ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാകാനിരിക്കെയായിരുന്നു കൊവിഡ് ആദ്യതരംഗവും പിന്നാലെയുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപനവും.


ree

സമീപകാല ഇന്ത്യന്‍ ഒടിടി റിലീസുകളിലെ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'. 2013ല്‍ പുറത്തെത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ രണ്ടാംഭാഗം ഫെബ്രുവരി 19നാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ എത്തിയത്. IMDBയുടെ ഈ വര്‍ഷത്തെ ജനപ്രിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ നാലാമതാണ് ദൃശ്യം 2.


ദൃശ്യം 2വിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സാങ്കേതിക പ്രവര്‍ത്തകര്‍ ഈ ചിത്രത്തിലും അണിനിരക്കും എന്നാണ് റിപ്പോര്‍ട്ട്. എഡിറ്റിങ് വി.എസ്. വിനായക്, ഛായാഗ്രഹണം സതീഷ് കുറുപ്പ്, പശ്ചാത്തല സംഗീതം അനില്‍ ജോണ്‍സണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, കോസ്റ്റ്യൂംസ് ലിന്റാ ജീത്തു. 24 മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. താരനിര്‍ണയം നടന്നുവരുകയാണ്. തൊടുപുഴയാണ് പ്രധാന ലൊക്കേഷന്‍.


ree

അതിനിടെ മോഹന്‍ലാല്‍ നായകനാകുന്ന പ്രിയദര്‍ശന്റെ 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം', ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ആറാട്ട്' തുടങ്ങിയ സിനിമകള്‍ തിയേറ്റർ റിലീസിന് തയാറെടുക്കുകയാണ്.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page