ജീവിതം പറഞ്ഞ് മമ്മൂട്ടി; മമ്മൂട്ടിയെക്കുറിച്ചുള്ള പഴയ ഡോക്യുമെന്ററി ദൂരദർശന്റെ യൂട്യൂബിൽ
- POPADOM
- Sep 28, 2021
- 0 min read
മുഹമ്മദ് കുട്ടി 'മമ്മൂട്ടി' ആയി മാറിയ കഥ മുതൽ, മമ്മൂട്ടി എന്ന സാധാരണ മനുഷ്യൻ തന്റെ ജീവിതം പറയുന്ന അപൂർവ്വ ഡോക്യുമെന്ററി ദൂരദർശൻ യൂട്യൂബിലൂടെ റിലീസ് ചെയ്തു. സ്വതസിദ്ധമായ നർമ്മത്തിൽ വളരെ ലളിതമായി ക്യാമറക്ക് മുന്നിൽ സംസാരിക്കുന്ന പഴയ മമ്മൂട്ടിയെ ഡോക്യുമെന്ററിയിൽ കാണാം.

എഴുത്തുകാരനും നടനുമായ വി കെ ശ്രീരാമനോടാണ് മമ്മൂട്ടി സംസാരിക്കുന്നത്. മുഹമ്മദ് കുട്ടി എന്നത് പ്രായമായവരുടെ പഴഞ്ചൻ പേരാണ് എന്ന തോന്നൽ കാരണമാണ് അത് മാറ്റി മമ്മൂട്ടി ആക്കിയതെന്നും അതിന് മുൻപ് പലരും മമ്മൂട്ടിയെന്ന് കളിയാക്കി വിളിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മമ്മൂട്ടി ബാല്യം ചെലവിട്ട തറവാട്ടിലും മുടി വെട്ടിയിരുന്ന ബാർബർ ഷോപ്പിലും
പഠിച്ച മഹാരാജാസ് കോളേജും ലോ കോളേജിലുമൊക്കെ എത്തി അദ്ദേഹം ഓർമകൾ പങ്കുവെക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പഴയ സുഹൃത്തുക്കളും എം ടി വാസുദേവൻ നായർ, മോഹൻലാൽ, രജനികാന്ത്, കെ ജി ജോർജ്, ലോഹിതദാസ് ടി വി ചന്ദ്രൻ തുടങ്ങിയവരും മമ്മൂട്ടിയെപ്പറ്റി സംസാരിക്കുന്നുണ്ട് ഈ ഡോക്യുമെന്ററിയിൽ.

തോമസ് ടി കുഞ്ഞുമ്മൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്തിരിക്കുന്നത്. രവി വളളത്തോളിന്റെ വിവരണവും മോഹൻ സിത്താരയുടെ സംഗീതവും. നക്ഷത്രങ്ങളുടെ രാജകുമാരൻ എന്നാണ് ഡോക്യുമെന്ററിയുടെ പേര്.




Comments