top of page

എൺപത്തിയെട്ടിൽ എം ടി

  • SUDHI NARAYAN
  • Jul 15, 2021
  • 2 min read

ഒരു സമുദ്രത്തിന് സമാനമായ സാഹിത്യകാരൻ. ആ സമുദ്രത്തിന്റെ അടിത്തട്ടിൽനിന്നും മുത്തും പവിഴങ്ങളും അനിർവ്വചനീയമായ കാണാക്കനികളെയും കണ്ടെടുക്കുംപോലെ മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അക്ഷരങ്ങൾകൊണ്ട് വായനക്കാരന്റെയും കാഴ്ചക്കാരന്റെയും ചിന്താമണ്ഡലങ്ങളിലും മനസ്സിലും കാലാതീതമായ അനുഭവങ്ങൾ തീർത്ത എം.ടി.


ree

തന്റെ രചനകളിലൂടെ മനുഷ്യമനസ്സിൽ തിരയിളക്കം തീർത്ത എം.ടിയുടെ സൃഷ്ടികൾ സിനിമയായാലും സാഹിത്യമായാലും അത് അറിവിന്റെയും ആസ്വാദനത്തിന്റെയും തിരിച്ചറിയപ്പെടലിന്റെയും ലോകത്തേക്കുള്ള വാതിൽ തുറക്കലായി മാറി. വിലക്കുകളും വേലിക്കെട്ടുകളും തീർത്ത് തളയ്ക്കപ്പെട്ട തറവാടുകളിലെ ജീവിതങ്ങളെയും ജന്മിത്വത്തിന്റെ അധികാരത്തെയും തകർച്ചയെയും ഒക്കെ മലയാളി കൂടുതൽ അടുത്തറിയുന്നത് എം.ടിയുടെ സൃഷ്ടികളിലൂടെയായിരുന്നു.


തകർന്നു പോകുന്ന ബന്ധങ്ങളെയും ഭൂതകാലപ്രണയത്തെയും ദാരിദ്ര്യത്തിലേക്ക് വലിച്ചെറിയപ്പെട്ട ജന്മങ്ങളെയും നെറിയെയും നെറികേടിനെയുമൊക്കെ സാഹിത്യത്തിലും സിനിമയിലും എം.ടി അതി സൂക്ഷ്മമായി വരച്ചു കാട്ടി. ഒരു സാഹിത്യവിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തന്റെ ആദ്യനോവലിന് സാഹിത്യ അക്കാഡമി അവാർഡ് നേടിയ എഴുത്തുകാരൻ.


സാഹിത്യം സിനിമയിലേക്ക് വഴിതുറന്നപ്പോൾ ആദ്യ സിനിമതന്നെ രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കത്തിന് കാരണമായി. മാതൃഭൂമി ഏർപ്പെടുത്തിയ ചെറുകഥാ മത്സരത്തിൽ 'വളർത്തുമൃഗങ്ങൾ' എന്ന ചെറുകഥയ്ക്ക് ഒന്നാം സ്ഥാനം നേടിയ 'മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ' ഇന്ന് ലോകം അറിയുന്ന എം.ടി വാസുദേവൻ നായരായി എത്തി നിൽക്കുന്നു. സാഹിത്യവും സിനിമയും തന്റെ തൂലികത്തുമ്പിന് ഒരുപോലെയാണ് എന്ന് തെളിയിച്ച എഴുത്തുകാരൻ.


'ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധനും... അതിലെ ക്രൂരമെന്ന് തോന്നിപ്പോകുന്ന തമാശ സന്ദർഭങ്ങളുമൊക്കെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ നൊമ്പരത്തോടെയും ഒരു സൂചിമുന തറക്കുന്ന വേദനയോടെയും ആഴ്ന്നിറങ്ങിയപ്പോൾ മറുവശത്ത് 'രണ്ടാമൂഴം' എന്ന ഇതിഹാസനോവൽ തീർത്ത എം.ടി, മഹാഭാരതകഥയ്ക്ക് ഒരു വിഭിന്നമായ മുഖം വരച്ചു ചേർത്തു. ഒരായുസ്സ് മുഴുവൻ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമനെ എം.ടി തന്റെ രചനയിലൂടെ സൃഷ്ടിക്കുമ്പോൾ മഹാഭാരതകഥയ്ക്ക് വിഭിന്നമായി ഭീമന് നായകപരിവേഷം കല്പിച്ച് കൊടുക്കുകയായിരുന്നു എം.ടി.


1977 നവംബറിൽ മരണം മുന്നിലെത്തി മടങ്ങിപ്പോയ ഒരു ഘട്ടത്തിനുശേഷം എം.ടിയുടെ തൂലികയിൽനിന്നും പിറവികൊണ്ട അവിസ്മരണീയവും വിപ്ലവാത്മകവുമായ രചനയായിരുന്നു രണ്ടാമൂഴം. എം.ടിയുടെ ജീവിതത്തിനു കിട്ടിയ രണ്ടാമൂഴം എന്നു വേണമെങ്കിൽ ഈ സാഹിത്യസൃഷ്ടിയെ വിശേഷിപ്പിക്കാം. ജീവിതത്തിനും മരണത്തിനുമിടയിൽനിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ എം.ടി സാഹിത്യത്തിലും സിനിമയിലും പിന്നെ അത്ഭുതങ്ങൾ സൃഷ്ടിച്ചു.


ree

പുരാണവും ചരിത്രവുമെല്ലാം എം.ടി തന്റെ തൂലികകൊണ്ട് പുനസൃഷ്ടിച്ചപ്പോൾ അതിലൂടെ ചന്തു ചതിയനാണെന്ന് കേട്ടും വായിച്ചും പഠിച്ച മലയാളികളുടെ ചിന്താമണ്ഡലങ്ങളിലും മനസ്സിലും ചന്തു എന്ന കഥാപാത്രം വീരനായകനൊപ്പം ചതിക്കപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്ത പരാജിതനായ കഥാപാത്രമായും പരിണമിക്കുകയായിരുന്നു. ജീവിതത്തിന്റെ നേർരേഖകളെ വരച്ചു കാട്ടുകയും മനുഷ്യനെ ചിന്തിപ്പിക്കുകയും ചെയ്ത എം.ടി തന്റെ തിരക്കഥകൾകൊണ്ട് മറ്റാർക്കും ദർശിക്കാൻ കഴിയാത്ത ചലച്ചിത്രസൃഷ്ടികൾക്ക് ജന്മം നൽകി.


ഒരു വേറിട്ട പശ്ചാത്തലത്തിൽ കുറെ മനുഷ്യജീവിതങ്ങളുടെ സ്‌നേഹവും അമർഷവും പ്രതികാരവും ദുരന്തവും വേർപെട്ടു പോകുന്ന പ്രണയത്തെയുമൊക്കെ യാഥാർത്ഥ്യബോധത്തോടെയും തീവ്രമായും വരച്ചു ചേർത്ത മുറപ്പെണ്ണിലൂടെയായിരുന്നു എം.ടി തന്റെ തിരക്കഥാപ്രയാണത്തിന് തുടക്കം കുറിച്ചത്. കാലഘട്ടങ്ങളുടെ കടന്നുപോക്കിൽ ആസ്വാദനത്തിനും പ്രേക്ഷകരുടെ കാഴ്ചപ്പാടിനും മാറ്റം വന്നപ്പോഴും എം.ടിയുടെ കഥാപാത്രങ്ങളും തിരക്കഥയും കാലാതീതമായ രചനകളായി മാറി. തലമുറകൾക്ക് അതൊരു പാഠശാലയായി മാറി. എം.ടിയുടെ ചിന്തകളിലും ഭാവനകളിലും രൂപപ്പെട്ട തിരക്കഥകളിലൂടെ ചരിത്രങ്ങൾക്ക് പുതിയ തലവും പരിവേഷങ്ങളും കൈവന്നു. പെരുന്തച്ചനും പഴശ്ശിരാജയും വടക്കൻ വീരഗാഥയുമൊക്കെ ഉദാഹരണങ്ങൾ. എം.ടിയുടെ സാഹിത്യചലച്ചിത്രസൃഷ്ടികൾ അംഗീകാരങ്ങളുടെ പ്രവാഹങ്ങളായി മാറി.


ree

സുകൃതം എന്ന ചലച്ചിത്രത്തിലെ ''ജീവിതം എന്ന വലിയ നുണയും മരണം എന്ന വലിയ സത്യത്തെയും'' കുറിച്ച് പറഞ്ഞു പോകുന്ന സന്ദർഭമുണ്ട്. എം.ടി എന്ന എഴുത്തുകാരനുമാത്രം പറയാൻ കഴിയുന്ന വാക്കുകളാണത്. ആ യാഥാർത്ഥ്യബോധത്തിൽ നിന്നുതന്നെയാണ് എം.ടി കഥയെയും കഥാപാത്രങ്ങളെയും കണ്ടെടുക്കുന്നത്. അതുകൊണ്ട് തന്നെയാണ് സങ്കല്പങ്ങൾക്കും കെട്ടുകാഴ്ചകൾക്കുമപ്പുറം ജീവിതയാഥാർത്ഥ്യങ്ങളുമായി എം.ടിയുടെ രചനകൾ പൊരുത്തപ്പെട്ടു കിടക്കുന്നത്. അതുകൊണ്ട് തന്നെയാണ് പ്രേക്ഷകരുടെ ഹൃദയങ്ങളിൽ മുറിപ്പാടുപോലെയും അവിസ്മരണീയമായും പടർന്നു കയറുന്നതും പതിഞ്ഞു പോകുന്നതും.


അത് തുടർന്നുകൊണ്ടേയിരിക്കുന്നു, മലയാളിയുടെ അഭിമാനവും അഹങ്കാരവുമായി ഈ എൺപത്തിയെട്ടാം വയസ്സിലും...




Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page