ദേശീയ പുരസ്‌കാര നിറവില്‍ മലയാള സിനിമ; മികച്ച സംവിധായകന്‍ സച്ചി
- POPADOM
- Jul 25, 2022
- 1 min read
അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ തിളങ്ങി മലയാള സിനിമ. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് നാല് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം സച്ചി നേടിയപ്പോള്‍ സഹനടനുള്ള പുരസ്‌കാരം ബിജു മേനോനും മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നഞ്ചിയമ്മയും മികച്ച ആക്ഷന്‍ കോറിയാഗ്രഫര്‍ക്കുള്ള പുരസ്‌കാരം രാജശേഖര്‍, മാഫിയ ശശി, സുപ്രീം സുന്ദര്‍ എന്നിവരും സ്വന്തമാക്കി. വിപുല്‍ ഷാ അധ്യക്ഷനായ ജൂറിയാണ് വിജയികളെ പ്രഖ്യാപിച്ചത്.

'സൂരറൈ പോട്രി'ലെ അഭിനയത്തിന് അപര്‍ണ ബാലമുരളി മികച്ച നടിയായി. സൂര്യയും അജയ് ദേവ് ഗണും ആണ് മികച്ച നടന്മാര്‍. മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് 'സൂരറൈ പോട്രി'ലൂടെ ജി വി പ്രകാശ് കുമാര്‍ നേടി. മികച്ച മലയാള സിനിമ 'തിങ്കളാഴ്ച നിശ്ചയം' ആണ്. സെന്ന ഹെഗ്‌ഡെയാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാള ചലച്ചിത്രം 'വാങ്കി'ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചു.
'ശബ്ദിക്കുന്ന കലപ്പ'യുടെ ഛായാഗ്രാഹണത്തിന് നിഖില്‍ എസ് പ്രവീണിനും പുരസ്‌കാരം ലഭിച്ചു. അനൂപ് രാമകൃഷ്ണന്‍ എഴുതിയ 'എംടി: അനുഭവങ്ങളുടെ പുസ്തകം' മികച്ച പുസ്തകമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദ്യാഭ്യാസ ചിത്രം 'ഡ്രീമിംഗ് ഓഫ് വേര്‍ഡ്‌സ്' (നന്ദന്‍). മികച്ച വിവരണം ശോഭ തരൂര്‍ ശ്രീനിവാസന്‍.
Comments