top of page

നടനകൊടുമുടി കയറിയ വേണു. നെടുമുടി വേണുവിന്റെ കഥാപാത്രങ്ങളിലൂടെ

  • SANIDHA ANTONY
  • Oct 12, 2021
  • 2 min read

ഒട്ടനവധി വേഷപകർച്ചകളിലൂടെ സിനിമയിൽ നിറഞ്ഞാടിയ അതുല്യ കലാകാരൻ അരങ്ങൊഴിയുമ്പോൾ നഷ്ടമാകുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ്.

അഭിനയത്തിന്റെ കൊടുമുടി കയറിയ നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ...


ree

1. ആരവം.


1978 ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആരവം എന്ന ചിത്രത്തിലെ 'മുക്കുറ്റീ തിരുതാളീ 'എന്ന പാട്ടുപാടിക്കൊണ്ടാണ് നെടുമുടിവേണു ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പത്മരാജൻ വഴി കാവാലം നാരായണപ്പണിക്കരുടെ നാടകത്തിലെ പ്രധാന നടനായ നെടുമുടിയെ ഭരതൻ പരിചയപ്പെടുകയും കമൽഹാസനു കരുതിവെച്ച 'മരുത്' എന്ന കഥാപാത്രം നെടുമുടിയിലേക്ക് എത്തുകയുമായിരുന്നു.


2. കള്ളൻ പവിത്രൻ


പത്മരാജന്റെ ചെറുകഥയെ ആസ്‌പദമാക്കി 1981 ൽ പുറത്തിറങ്ങിയ കള്ളൻ പവിത്രൻ എന്ന സിനിമയിലെ ടൈറ്റിൽ കഥാപാത്രത്തെ നെടുമുടി വേണു എന്ന നടൻ അനശ്വരമാക്കി. കള്ളൻ പവിത്രന് മുൻപും ശേഷവും നിരവധി കള്ളന്മാര്‍ മലയാള സിനിമയില വന്നിട്ടുണ്ട്. എന്നാൽ 'ലക്ഷണമൊത്ത കള്ളൻ', പവിത്രൻ മാത്രമായിരുന്നു.


ree

3. ഹിസ് ഹൈനസ്സ് അബ്ദുള്ള


നെടുമുടി വേണുവിന് ആദ്യമായി ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത കഥാപാത്രമാണ് ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഉദയവർമ. മോഹൻലാൽ കേന്ദ്രകഥാപാത്രമായ അബ്ദുള്ളയെ മികച്ചതാക്കി എങ്കിലും ഉദയവർമ്മ തമ്പുരാൻ ഇല്ലാതെ ആ സിനിമ ഉണ്ടാവില്ലായിരുന്നു. നെടുമുടി വേണുവിനെ മനസിൽ കണ്ടു കൊണ്ട് ലോഹിതദാസ് എഴുതിയ കഥയാണ് ഹിസ് ഹൈനസ്സ് അബ്ദുള്ള.


4. ഭരതം


കല്ലൂര്‍ ഗോപിനാഥന്‍, കല്ലൂർ രാമനാഥന്‍ എന്നീ സഹോദരങ്ങളുടെ കഥപറഞ്ഞ സിബിമലയിൽ ചിത്രം കുടുംബപ്രേക്ഷകരെ കണ്ണീരണിയിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ്. ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു എങ്കിലും പലപ്പോഴും മോഹൻലാലിന്റെ കഥാപാത്രത്തെക്കാൾ ഉള്ളിൽ തട്ടിയത് നെടുമുടി വേണുവിന്റെ രാമനാഥൻ ആയിരുന്നു .


5. ഒരിടത്തൊരു ഫയൽവാൻ


കാരണവർ വേഷത്തിലേക്കുള്ള നെടുമുടി വേണുവിന്റെ ചുവടുമാറ്റം പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രത്തിന് ശേഷമായിരുന്നു. 'ശിവൻപിള്ള മേസ്തിരി' നെടുമുടിയുടെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലാണ്.


6. അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ


പത്മരാജന്റെ ചെറുകഥയെ ആസ്‌പദമാക്കി അദ്ദേഹം തന്നെ സംവിധാനം ചെയ്ത അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്ന സിനിമ മലയാളത്തിലെ കൾട്ട് ക്ലാസ്സിക്കുകളിൽ ഒന്നാണ്. മാളുവമ്മയുടെ വീട്ടിലെ പെണ്ണുങ്ങളെ അന്വേഷിച്ചെത്തുന്ന മൂന്ന് സുഹൃത്തുക്കളിൽ നെടുമുടി അവതരപ്പിച്ച ഗോപി എന്ന കഥാപാത്രത്തിന്റെ കണ്ണുകളിൽ ഒളിപ്പിച്ച കുസൃതികൾ നെടുമുടി വേണു എന്ന നടന്റെ റേഞ്ച് മനസിലാക്കി തരുന്ന ഒന്നായിരിന്നു.


7. വന്ദനം


1989-ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രത്തിലെ ക്രൂരനായ സൈക്കോ വില്ലനായി നെടുമുടി വേണു തിളങ്ങി. അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് വന്ദനത്തിലെ പ്രൊഫസർ ഫെർണാണ്ടസ്.


8. സർവ്വകലാശാല


"അതിരുകാക്കും മലയൊന്നു തുടുത്തേ

തുടുത്തേ തക തക താ...

അങ്ങു കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്‌ പേറ്റു നോവിൻ പേരാറ്റുറവ ഉരുകി ഒലിച്ചേ തക തക താ". സർവ്വകലാശാല എന്ന ചിത്രത്തിൽ കാവാലം നാരായണപ്പണിക്കരുടെ ഈ വരികൾ പാടി ആശാൻ എന്ന നെടുമുടിയുടെ കഥാപാത്രം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടുകയായിരുന്നു


ree

9. തേന്മാവിൻ കൊമ്പത്ത്‌


1994 ൽ പുറത്തിറങ്ങിയ 'തേന്മാവിൻ കൊമ്പത്ത്‌' ഒരു ത്രികോണ പ്രണയകഥ പറഞ്ഞ ചിത്രമായിരുന്നു. ഇതിലെ ശ്രീകൃഷ്ണൻ എന്ന കഥാപാത്രം നെടുമുടി വേണുവിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. കോമഡിയും വില്ലനിസവും ഒരുപോലെ വഴങ്ങും എന്ന് കാണിച്ചു തരികയായിരുന്നു അദ്ദേഹം ശ്രീകൃഷ്ണനിലൂടെ.


10. ചിത്രം


നെടുമുടി വേണുവിന്റെ കോമഡി രംഗങ്ങളിൽ ആദ്യം മനസ്സിൽ വരുന്നത് ചിത്രം എന്ന സിനിമയിലെ മോഹൻലാലിനൊപ്പമുള്ള കോമ്പിനേഷൻ സീനുകളായിരിക്കും. പുരുഷോത്തമ കൈമൾ എന്ന കഥാപാത്രത്തിന്റെ നിഷ്കളങ്കതയും ആത്മാർത്ഥതയും നെടുമുടി വേണു എന്ന അതുല്യ കലാകാരൻ സ്വതസിദ്ധമായ ശൈലിയിൽ അഭിനയിച്ചു വിസ്മയിപ്പിച്ചു.


ree

11. പഞ്ചവടി പാലം


1984ൽ പുറത്തിറങ്ങിയ പഞ്ചവടിപ്പാലം എന്ന പൊളിറ്റിക്കൽ സറ്റയറിൽ നെടുമുടി വേണു അവതരിപ്പിച്ച ശിഖണ്ഡിപിള്ള എന്ന കഥാപാത്രം നെടുമുടി വേണുവിന്റെ കഥാപാത്രങ്ങളിൽ എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.


12. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം


1987 ൽ ജോൺപോളിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' നെടുമുടി വേണു എന്ന നടനെ അടയാളപ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട ഒരു സിനിമയാണ്. പ്രേക്ഷകരുടെ കണ്ണു നനയിച്ച രാവുണ്ണി നായരിലൂടെ രണ്ടാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page