Netflix അവതരിപ്പിക്കുന്നു 'മിന്നൽ മുരളി'
- POPADOM
- Sep 6, 2021
- 1 min read
"തുടക്കം മുതലേ എനിക്ക് മിന്നൽ മുരളി എന്ന കഥാപാത്രത്തോട് ഒരടുപ്പവും സ്നേഹവുമുണ്ടായി. കഥാപാത്രത്തിന്റെ പൂർണ്ണതക്കുവേണ്ടി ഒരുപാട് പ്രയത്നിച്ചു. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ഞാൻ മിന്നൽ മുരളിയെ ഇഷ്ടപ്പെടുന്നതുപോലെ ഓരോ പ്രേക്ഷകനും മിന്നൽ മുരളിയെ നെഞ്ചേറ്റും എന്നാണ് എന്റെ പ്രതീക്ഷ". മലയാളത്തിന്റെ 'മിന്നൽ മുരളി' ടൊവിനോ തോമസ് പറയുന്നു.

മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ടൊവിനോ തോമസിന്റെ സൂപ്പർ ഹീറോ പ്രകടനം, 'മിന്നൽ മുരളി' Netflix ലൂടെ ലോകമെമ്പാടും എത്തുന്നു. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച ആക്ഷൻ ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ് ആണ്.
"കാഴ്ചക്കാർക്ക് വൈകാരിക തലത്തിൽ സംവേദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പർ ഹീറോയെ സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഒരു സൂപ്പർ ഹീറോ സിനിമയുടെ പ്രധാന ഘടകങ്ങൾ ആക്ഷനും ചടുലതയും ആണെങ്കിലും ശക്തമായൊരു ആഖ്യാനത്തിലൂന്നി കഥ പറയുവാനായിരുന്നു ഞങ്ങൾ കൂടുതൽ ശ്രമിച്ചത്. ചിത്രം വളരെ ആവേശകരമായ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിലീസിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്" ബേസിൽ പ്രതീക്ഷയിലാണ്.
വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് 'മിന്നൽ മുരളി' നിർമിക്കുന്നത്.
"ഈ ലോക്കൽ സൂപ്പർ ഹീറോ മിന്നൽ മുരളിയുടെ വിജയത്തിനായി ഞങ്ങൾ മികച്ച അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കൊണ്ടുവന്നു. ഈ സൂപ്പർ ഹീറോ സിനിമ അതിന്റെ കരുത്തിൽ ഭാഷകളെ മറികടക്കുന്നു. ഇത് മനുഷ്യരുടെ വികാര വിചാരങ്ങളുടെ, സാഹചര്യങ്ങളുടെ കഥയാണ്. മിന്നൽ മുരളി എനിക്ക് അനുഭൂതിയും അഭിമാനവും ആണ്" എന്ന് സോഫിയ.

"മലയാള സിനിമാ പ്രേക്ഷകർ ശ്രദ്ധയൂന്നുന്നത് വ്യത്യസ്തമായ കഥ പറച്ചിലിലാണ്. വളരെ ആകാംക്ഷയോടെ, പ്രതീക്ഷയോടെ ഞങ്ങൾ മിന്നൽ മുരളി Netflix ലൂടെ പ്രദർശിപ്പിക്കുകയാണ്"
Netflix ഇന്ത്യയുടെ ഫിലിംസ് ആൻഡ് ലൈസൻസിങ് ഡയറക്ടർ പ്രതീക്ഷ റാവു പറയുന്നു.




Comments