top of page

എമ്പുരാന് മുൻപ് ബ്രോ ഡാഡി; പൃഥ്വിരാജ് ചിത്രത്തിൽ വീണ്ടും മോഹൻലാൽ

  • POPADOM
  • Jun 18, 2021
  • 1 min read

പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ലൂസിഫർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ലൂസിഫറിനു പിന്നാലെ തന്നെ എമ്പുരാൻ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ എമ്പുരാനല്ല, ആദ്യം എത്തുക ബ്രോ ഡാഡിയാണ്. മോഹൻലാലിനെ നായകനാക്കി വീണ്ടും പൃഥ്വിരാജ് സംവിധായകന്റെ കുപ്പായമണിയുന്നു.


ree

ചിത്രത്തിന്റെ പോസ്റ്റർ പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പരസ്യകലയിലൂടെ ശ്രദ്ധേയരായ ഓള്‍ഡ്‌മൊങ്ക്‌സ് ഡിസൈനിലെ എൻ. ശ്രീജിത്തും ബിബിന്‍ ജോര്‍ജുമാണ് തിരക്കഥ. ചിത്രത്തിൽ പൃഥ്വിയും ഒരു പ്രധാനവേഷത്തിൽ എത്തും.


അഭിനന്ദന്‍ രാമാനുജം ക്യാമറയും ദീപക് ദേവ് സംഗീത സംവിധാനവും. വാവയാണ് മുഖ്യസഹസംവിധാനം. ഗോകുല്‍ ദാസ് കലാസംവിധാനം അഖിലേഷ് മോഹന്‍ എഡിറ്റര്‍. സിനറ്റ് സേവ്യര്‍ സ്റ്റില്‍സ്. ശ്രീജിത് ഗുരുവായൂര്‍ മേക്കപ്പ്. കോസ്റ്റിയൂംസ് സുജിത് സുധാകരന്‍. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ചിത്രീകരണം ആരംഭിക്കും. ലൂസിഫറിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂർ തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്.


ഏറെ രസിപ്പിക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും 'ബ്രോ ഡാഡി' എന്നും അധികം താമസിയാതെ തന്നെ ചിത്രവുമായി ബന്ധപ്പെട്ട ജോലികൾ ആരംഭിക്കുമെന്നും പൃഥ്വിരാജ് തന്റെ പോസ്റ്റിലൂടെ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം തന്റെ മകൾ അലംകൃത എഴുതിയ ഒരു കഥ പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

"അമേരിക്കയിൽ ഒരു അച്ഛനും മകനും ജീവിച്ചിരുന്ന. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഇരുവരും അഭയാർത്ഥി ക്യാമ്പിലേക്ക് മാറി. അവിടെ രണ്ടുവർഷം താമസിച്ചു. യുദ്ധം അവസാനിച്ചപ്പോൾ അവർ വീട്ടിലേക്ക് മടങ്ങി, സന്തോഷത്തോടെ ജീവിച്ചു," എന്നായിരുന്നു അല്ലിയുടെ കഥ.


അല്ലിയുടെ കഥ പങ്കുവച്ചുകൊണ്ട് താൻ ഒരു പുതിയ ചിത്രത്തെ കുറിച്ചുള്ള ആലോചനയിലാണെന്നും ലോക്ക്ഡൌൺ കാലത്ത് കേട്ട എറ്റവും മികച്ച സ്റ്റോറി ലൈൻ ഇതാണെന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു. മകളുടെ ഈ കഥയാണോ പൃഥ്വിയുടെ ബ്രോ ഡാഡിക്ക് ആധാരം എന്ന് കാത്തിരുന്ന് കാണാം.


ആക്ഷൻ ചിത്രത്തിലൂടെ ബോക്സ്ഓഫീസ് ഇളക്കി മറിച്ച പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ട് ഒരു കുടുംബ ചിത്രവുമായി വരുമ്പോൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.


മോഹൻലാൽ തന്നെ നായകനായ പവിത്രം എന്ന സിനിമയിലെ അദ്ദേഹത്തിന്റെ 'ചേട്ടച്ഛൻ' എന്ന കഥാപാത്രത്തോട് സാമ്യമുള്ള ബ്രോ ഡാഡി എന്ന ടൈറ്റിലും കൗതുകമുണർത്തുന്നതാണ്.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page