top of page

'കൊടിമുടി' ഇറങ്ങാതെ... ഓർമയിൽ ഭരത് ഗോപി

  • DIVYA JOSEPH
  • Jan 29, 2022
  • 1 min read

മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളെ വെല്ലുവിളിച്ചായിരുന്നു അയാളുടെ വരവ്. നായകനായി, സഹനടനായി, വില്ലനായി, കോമേഡിയനായി... അക്ഷരാര്‍ത്ഥത്തില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയുള്ള യാത്രയായിരുന്നു ഭരത് ഗോപിയുടെ സിനിമാ ജീവിതം. വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ ഏറ്റെടുത്ത് ചെയ്യുന്നതില്‍ അദ്ദേഹം ആനന്ദിച്ചിട്ടുണ്ടാകണം. ഇമേജിനെ കുറിച്ചുള്ള വ്യാകുലതകളോ, ആരാധകര്‍ എന്ത് വിചാരിക്കുമെന്ന ആലോചനകളോ ഇല്ലാതെ ഭരത് ഗോപി വെള്ളിത്തിരയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങള്‍ ഇന്നും ക്ലാസിക്കുകളുടെ ഗണത്തില്‍പ്പെടുന്നവയാണ്. ആ പ്രതിഭ ഓർമയായിട്ട് 14 വർഷം തികയുന്നു.


ree

പ്രൊഫഷണല്‍ നാടകരംഗത്ത് നിന്നാണ് വി ഗോപിനാഥന്‍ നായര്‍ എന്ന ഭരത് ഗോപി സിനിമയിലേക്ക് ചുവടുമാറ്റുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന സിനിമയില്‍ ഒരു തൊഴില്‍ രഹിതനായായിരുന്നു തുടക്കം. 1975 ല്‍ പുറത്തിറങ്ങിയ അടൂരിന്റെ തന്നെ കൊടിയേറ്റം അക്ഷരാര്‍ത്ഥത്തില്‍ അഭിനയത്തിന്റെ കൊടുമുടിയിലേക്കുള്ള അദ്ദേഹത്തിന്റെ കയറ്റം തന്നെയായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 'കൊടിയേറ്റം ഗോപി' അങ്ങനെ ഭരത് ഗോപിയായി.


കൊടിയേറ്റത്തിലെ ശങ്കരന്‍ കുട്ടിയെന്ന നിഷ്കളങ്കനായ യുവാവില്‍ നിന്നും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലേക്കുള്ള പരകായപ്രവേശമായിരുന്നു പിന്നീടങ്ങോട്ട്. യവനികയിലെ ആരും വെറുത്തു പോകുന്ന തബലിസ്റ്റായും പഞ്ചവടിപ്പാലത്തിലെ പൊങ്ങച്ചക്കാരനായ പഞ്ചായത്ത് പ്രസിഡന്റായും ഏപ്രില്‍ 18ലെ പോലീസുകാരന്‍ ഗോപി പിള്ളയായും ഒരേസമയം അദ്ദേഹം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. മികച്ച നടനുള്ള 3 സംസ്ഥാന പുരസ്കാരങ്ങള്‍ കൂടി അദ്ദേഹത്തെ തേടിയെത്തി.


ree

കാറ്റത്തെ കിളിക്കൂട്, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, രചന, ആദാമിന്റെ വാരിയെല്ല്, രേവതിക്കൊരു പാവക്കുട്ടി, ഓര്‍മ്മയ്ക്കായി.. അങ്ങനെ നീളുന്നു ഭരത് ഗോപി കയ്യൊപ്പ് പതിഞ്ഞ സിനിമകള്‍. മലയാളത്തിന് പുറമേ രണ്ട് ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1985 ല്‍ ഏഷ്യ പസഫിക് മേളയില്‍ മികച്ച നടനുള്ള പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.


പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവെയാണ് അദ്ദേഹത്തിന് പക്ഷാഘാതം പിടിപെടുന്നത്. ഭരത് ഗോപിയില്ലാത്ത 7 സിനിമാ വര്‍ഷങ്ങള്‍... അനശ്വരങ്ങളായ എത്രയോ കഥാപാത്രങ്ങള്‍ തേടിയെത്തേണ്ടിയിരുന്ന കാലഘട്ടം.. രോഗത്തിനോട് പടവെട്ടി 1993 ല്‍ 'പാഥേയ'ത്തിലൂടെ വീണ്ടും ഗോപിയുടെ 'കൊടിയേറ്റം'. നിര്‍മാതാവിന്റെ റോളും അദ്ദേഹം ഏറ്റെടുത്തു. ഞാറ്റടി, ഉത്സവപിറ്റേന്ന്, യമനം, എന്റെ ഹൃദയത്തിന്റെ ഉടമ എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. അഭിനയം അനുഭവം, നാടക നിയോഗം എന്നിങ്ങനെ രണ്ട് പുസ്തകങ്ങള്‍ രചിച്ചു. 1991 ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചു.


2008 ല്‍ ബാലചന്ദ്ര മേനോന്റെ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമ ഷൂട്ടിങ്ങിനിടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി. മടങ്ങി വരുമെന്ന ആരാധകരുടെ ഉറച്ച വിശ്വാസം തകര്‍ത്തുകൊണ്ട് ജനുവരി 29ന് ഭരത് ഗോപി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ ക്ലാസിക്കുകളാക്കി മാറ്റിയ ഭരത് ഗോപി ഇന്നും പ്രേക്ഷക മനസിൽ 'കൊടുമുടിയിലാണ്'.

 
 
 

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page