പൊട്ടിച്ചിരിപ്പിച്ച 'വാത്സല്യം'. ഓർമയിൽ കൊച്ചിൻ ഹനീഫ
- POPADOM
- Feb 2, 2022
- 1 min read
സിനിമയില്‍ ആദ്യം വില്ലനായി എത്തി ഒടുക്കം നിര്‍ത്താതെ ചിരിപ്പിച്ച് വേര്‍പാടില്‍ ഒരുപാട് കരയിപ്പിച്ച കൊച്ചിന്‍ ഹനീഫ വിട പറഞ്ഞിട്ട് 12 വര്‍ഷങ്ങള്‍.

1972 ല്‍ അഴിമുഖം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറിയ കൊച്ചിന്‍ ഫനീഫ വില്ലന്‍ വേഷങ്ങളിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതനായത്. പിന്നീട് മുഴുനീള ഹാസ്യകഥാപാത്രങ്ങള്‍ ചെയ്ത് ഏത് റോളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. കിരീടത്തിലെ ഹൈദ്രോസ് എന്ന പാവത്താനായ ഗുണ്ട, മാന്നാര്‍ മത്തായി സ്പീക്കിങ്ങിലെ യിലെ എല്‍ദോ, ഈ പറക്കും തളികയിലെ പോലീസുകാരന്‍ വീരപ്പന്‍ കുറുപ്പ്, പഞ്ചാബിഹൗസിലെ ഗംഗാധരന്‍ മുതലാളി... അങ്ങനെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച എത്രയോ കഥാപാത്രങ്ങള്‍ ഇന്നും ജീവസുറ്റ് നില്‍ക്കുന്നു.
38 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ മലയാളത്തിലും തമിഴിലുമായി മുന്നൂറിലേറെ ചിത്രങ്ങളില്‍ കൊച്ചിന്‍ ഫനീഫ അഭിനയിച്ചു. തമിഴില്‍ മാത്രം 80ലേറെ സിനിമകളില്‍ സാന്നിധ്യമറിയിച്ചു. രജനികാന്തിനൊപ്പം യന്തിരനിലും കമല്‍ഹാസനൊപ്പം മഹാനദിയിലും ഹനീഫ വേഷമിട്ടിരുന്നു. 2001 ല്‍ മലയാളത്തിലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി. അഭിനയത്തിന് പുറമേ തിരക്കഥാകൃത്തായും സംവിധായകനായും മികവ് തെളിയിച്ച താരം കൂടിയാണ് കൊച്ചിന്‍ ഫനീഫ. വാത്സല്യം, ആണ്‍കുയിലിന്റെ താരാട്ട്, ഒരു സിന്ദൂരപൊട്ടിന്റെ ഓര്‍മ്മയ്ക്ക് തുടങ്ങി മലയാളത്തില്‍ ഏഴും തമിഴില്‍ ആറും സിനിമകള്‍ സംവിധാനം ചെയ്തു. താളം തെറ്റിയ താരാട്ട്, അടിമച്ചങ്ങല, പുതിയ കരുക്കള്‍, കടത്തനാടന്‍ അമ്പാടി തുടങ്ങി പത്തിലേറെ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്.

2010 ഫെബ്രുവരി 2 ന് അൻപത്തിയെട്ടാം വയസിലാണ് കൊച്ചിന്‍ ഫനീഫ സിനിമാപ്രേമികളെ കണ്ണീരിലാഴ്ത്തി മണ്‍മറഞ്ഞത്. ചെന്നൈ ശ്രീ രാമചന്ദ്ര ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കാന്‍സര്‍ കരളിനെ ബാധിച്ചതിനെ തുടര്‍ന്ന് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹം നേരിട്ടിരുന്നു. പകരം വെക്കാനില്ലാത്ത ആ നടന്റെ സ്ഥാനം മലയാള സിനിമയിൽ ഇന്നും ഒഴിഞ്ഞ് കിടപ്പുണ്ട്.
Comments