top of page

അക്ഷര നക്ഷത്രം കോർത്ത വിരലുകൾ; ഗിരീഷ് പുത്തഞ്ചേരി ഒരോർമ്മ

  • POPADOM
  • Feb 10, 2022
  • 1 min read

മലയാളിക്ക് ഗിരീഷ് പുത്തഞ്ചേരിയെന്നാൽ ഒരു നൊസ്റ്റാൾജിയ ആണ്. പുത്തഞ്ചേരിയുടെ എഴുത്തിൽ പ്രണയമുണ്ട്, വിരഹമുണ്ട്, ഭക്തിയുണ്ട്, വിഷാദവുമുണ്ട്. ആ തൂലിക തുമ്പ് നിശ്ചലമായിട്ട് ഇന്ന് 12 വർഷങ്ങൾ പൂർത്തിയായി.


ree

ചെറുപ്പം മുതലേ മലയാള സാഹിത്യത്തിൽ തൽപരനായിരുന്ന പുത്തഞ്ചേരിയുടെ കവിതകൾ മാസികകളിൽ പ്രസിദ്ധീകരിച്ചിരുന്നു. ആകാശവാണിയിൽ ലളിതഗാനങ്ങൾ എഴുതിക്കൊണ്ടിരിക്കെ 1989ൽ 'ബ്രഹ്മരക്ഷസ്' എന്ന ചിത്രത്തിലൂടെ വിജയൻ കാരോട്ടാണ് ഗിരീഷ് പുത്തഞ്ചേരിയെ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഗാനങ്ങൾക്ക് പുറമേ ചിത്രത്തിന്റെ തിരക്കഥയും ഗിരീഷ് പുത്തഞ്ചേരിയുടേതായിരുന്ന. പക്ഷേ ആ ചിത്രം റിലീസാകാതെ പോയി. അതേ വർഷം യു.വി രവീന്ദ്രൻ സംവിധാനം ചെയ്ത 'എൻക്വയറി'

എന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങളെഴുതാൻ അദ്ദേഹത്തിന് അവസരം ലഭിച്ചെങ്കിലും ഗാനങ്ങൾ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് രഞ്ജിത്തിന്റെ 'ജോർജ് കുട്ടി C/o ജോർജുകുട്ടി'ക്ക് വേണ്ടിയും ഗാനങ്ങളെഴുതി. എന്നാൽ 'ജോണി വാക്കർ' എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ഗാനരചയിതാവ് എന്ന നിലയിൽ ഗിരീഷ് പുത്തഞ്ചേരി തന്നെ മലയാള സിനിമയിൽ അടയാളപ്പെടുത്തിയത്.

'ശാന്തമീ രാത്രിയിൽ...' എന്ന് തുടങ്ങുന്ന ഗാനം മലയാളികൾ ഏറ്റെടുത്തു. പിന്നീടങ്ങോട്ട് പുത്തഞ്ചേരിയുടെ കാലമായിരുന്നു.


ദേവാസുരത്തിലെ 'സൂര്യകിരീടം വീണുടഞ്ഞു, പ്രണയവർണങ്ങളിലെ 'ആരോ വിരൽമീട്ടി, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തിലെ 'പിന്നെയും പിന്നെയും, ആറാം തമ്പുരാനിലെ 'ഹരി മുരളീരവം' അങ്ങനെ എത്രയോ ഗാനങ്ങൾ മലയാള സിനിമയ്ക്ക് അദ്ദേഹം സമ്മാനിച്ചു. മലയാളത്തിലെ മികച്ച സംഗീത സംവിധായകർ അദ്ദേഹത്തിന്റെ വരികൾക്ക് ഈണമിട്ടു.


ree

മലയാള സിനിമയിൽ കുറഞ്ഞ കാലയളവിനുള്ളിൽ ഏറ്റവും അധികം ഗാനങ്ങളെഴുതി എന്ന റെക്കോഡും ഗിരീഷ് പുത്തഞ്ചേരിക്ക് സ്വന്തമാണ്. 1989 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ 1600 ലേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചു. 7 തവണ മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. ഷഡ്ജം, തനിച്ചല്ല, എന്റെ പ്രിയപ്പെട്ട പാട്ടുകൾ എന്നീ കവിതാസമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്.


പാട്ടുകൾ എഴുതുന്നതിന് പുറമേ കഥ, തിരക്കഥ എന്നിവയും അദ്ദേഹം രചിച്ചിട്ടുണ്ട്. മേലേപറമ്പിൽ ആൺവീട്, പല്ലാവൂർ ദേവനാരായണൻ, വടക്കുംനാഥൻ തുടങ്ങി 8 ചിത്രങ്ങൾക്ക് കഥയും പല്ലാവൂർ ദേവനാരായണൻ, വടക്കുംനാഥൻ തുടങ്ങി 4 സിനിമകൾക്ക് തിരക്കഥയും രചിച്ചു. മോഹൻലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ തയ്യാറെടുക്കുമ്പോഴായിരുന്നു ഗിരീഷ് പുത്തഞ്ചേരിയുടെ അകാലത്തിലുള്ള വിയോഗം.


കടുത്ത പ്രമേഹവും രക്തസമ്മർദവും അലട്ടിയിരുന്ന പുത്തഞ്ചേരിയെ മസ്തിഷ്കാഘാതത്തെ തുടർന്നാണ് 2010 ഫെബ്രുവരി 6ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. രണ്ട് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും നാലു ദിവസങ്ങൾക്ക് ശേഷം തന്റെ 49ാം വയസിൽ അദ്ദേഹം മരണത്തിന് കീഴടങ്ങി. സംവിധാനം എന്ന മോഹവും, എഴുതി പൂർത്തിയാക്കാത്ത ഗാനങ്ങളും ബാക്കിയാക്കി മലയാളിയുടെ ഓർമകളിൽ ഇന്നും ആ പ്രതിഭ ജീവിക്കുന്നു.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page