' സാറാസ്' എന്ന ഹാപ്പിനെസ്സ് "ആ പ്രമേയമാണ് എന്നെ ആകർഷിച്ചത്" - ധന്യ വർമ്മ
- SANDHYA KP
- Jul 10, 2021
- 3 min read
'What is your happiness pill?'
ധന്യ വർമ്മ എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ ആദ്യമെത്തുന്നത് ഈ ചോദ്യമായിരിക്കും. പിന്നെ ആകാംക്ഷ നിറഞ്ഞ കണ്ണുകളും മനോഹരമായൊരു പുഞ്ചിരിയും. പക്ഷെ ഇപ്പോള്‍ ധന്യ വര്‍മ്മയെ മലയാളി പ്രേക്ഷകര്‍ ഓര്‍ക്കുക സാറാസ് എന്ന ചിത്രത്തിലെ മിടുക്കിയായ ഫോറന്‍സിക് സര്‍ജന്‍, ജീവന്റെ ചേച്ചി, സാറയുടെ ചേട്ടത്തിയമ്മ എന്നൊക്കെ കൂടിയാകും. സാറാസിലെ ഡോ.സന്ധ്യ ഫിലിപ് എന്ന കഥാപാത്രമാകാന്‍ ജൂഡ് തന്നെ തിരിഞ്ഞെടുത്തതിന്റെ കാരണം ഇപ്പോഴും ധന്യയ്ക്കറിയില്ല. "അറിഞ്ഞാല്‍ എന്നോടു കൂടി പറയണേ" എന്നാണ് ധന്യ പറയുന്നത്.

മൂന്നാമത്തെ ചിത്രമാണ്. പതിനെട്ടാംപടി എന്ന ചിത്രത്തില്‍ ധന്യയായി തന്നെയാണ് എത്തിയത്. സാറാസിലെ സന്ധ്യ ഫിലിപ്പായത് എങ്ങനെയാണ് ?
ജൂഡ് എങ്ങനെയാണ് എന്നില്‍ സന്ധ്യ ഫിലിപ്പിനെ കണ്ടതെന്ന് എനിക്കറിയില്ല. ഹാപ്പിനെസ്സ് പ്രൊജക്ട് എന്ന പരിപാടിയിലൂടെയാണ് എന്നെ കൂടുതല്‍ മലയാളികളും അറിയുന്നത്. ഞാനെന്ന വ്യക്തിയെ കുറിച്ച് പലര്‍ക്കും ആ ചിത്രമായിരിക്കും. എന്നെ നേരില്‍ കാണുന്ന പലരും പറയാറുണ്ട്, ഹാപ്പിനെസ് പ്രൊജക്ടില്‍ ധന്യയെ കണ്ടപ്പോള്‍ ഇങ്ങനെ ഒരാളെ അല്ല പ്രതീക്ഷിച്ചതെന്ന്. ആളുകള്‍ അങ്ങനെ എന്നെക്കുറിച്ച് പല ചിത്രങ്ങളും ഉണ്ടാക്കി വച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ടെലിവിഷന്‍ അവതാരകയാണ് ഞാന്‍. അത് മറികടന്ന് എന്നെ ഒരു കഥാപാത്രമായി കാണാന്‍ സാധിച്ചതില്‍ ജൂഡിനോട് വളരെ നന്ദിയുണ്ട്. അതെങ്ങനെ സാധിച്ചു എന്നെനിക്കറിയില്ല.
ടെലിവിഷന്‍ അവതാരക എന്ന ജോലി അഭിനയത്തെ എത്രത്തോളം സഹായിച്ചിട്ടുണ്ട് ?
ജേര്‍ണലിസമാണ് ഞാന്‍ പഠിച്ചത്. അവതാരകയാകുന്നതിന് മുന്‍പ് പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു. ആദ്യത്തെ കുഞ്ഞുണ്ടായതിന് ശേഷം കരിയറില്‍ ഒരു ബ്രേക്കുണ്ടായി. മോള്‍ക്ക് രണ്ടര വയസുള്ളപ്പോഴാണ് ഞാന്‍ വീണ്ടും ജോലി ചെയ്ത് തുടങ്ങുന്നത്. എന്നാല്‍ മുഴുവന്‍ സമയവും ജോലിക്ക് വേണ്ടി നല്‍കാന്‍ എനിക്ക് താൽപര്യമില്ലായിരുന്നു. മോളെ മറ്റൊരാളെ ഏല്‍പ്പിച്ച് പോകുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. അങ്ങനെയാണ് ആങ്കറിങ്ങിലേക്ക് എത്തിയത്. ഈ മേഖലയില്‍ പലതരത്തിലുള്ള ആളുകളെ കാണാനും അടുത്ത് ഇടപെഴകാനും സാധിച്ചിട്ടുണ്ട്.
സ്റ്റേജിലും ക്യാമറയ്ക്ക് മുന്നിലുമാണ് കഴിഞ്ഞ കുറേ കാലമായി ഞാന്‍. ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ പരിഭ്രമം തോന്നാതിരിക്കാന്‍ എന്നെ അത് സഹായിച്ചിട്ടുണ്ട്. അതേസമയം, ഇത്രയധികം വര്‍ഷം ഒരേ തൊഴില്‍ ചെയ്യുമ്പോള്‍ നമ്മുടേതായ ഒരു ശരീരഭാഷ രൂപപ്പെട്ടിരിക്കും. ബോധപൂര്‍വം ചെയ്യുന്നതായിരിക്കില്ല. പക്ഷെ അത് സംഭവിക്കും. എന്നാല്‍ ഒരു കഥാപാത്രമാകുമ്പോള്‍ അതെല്ലാം മാറ്റിവച്ച്, മറന്ന് വേണം അഭിയിക്കാന്‍. കാരണം അവിടെ ഞാന്‍ മറ്റൊരു വ്യക്തിയാണ്. അതൊരു വെല്ലുവിളിയാണ്.
പതിനെട്ടാംപടിയില്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. അവിടെ ഞാന്‍ തന്നെയായിരുന്നു. പക്ഷെ സാറാസില്‍ ഒരു ഫോറന്‍സിക് സര്‍ജനാണ്, സഹോദരിയാണ്, മകളാണ്, രണ്ടു കുട്ടികളുടെ അമ്മയാണ്, വിധവയാണ്, ഒറ്റപ്പെടലിന്റെ വലിയൊരു ഭാരം ഉള്ളില്‍ പേറി നടക്കുന്ന ആളാണ്. അതേസമയം വളരെ പുരോഗമനപരമായി ചിന്തിക്കുന്ന, സാറ എന്ന കഥാപാത്രത്തിന് പിന്തുണ നല്‍കുന്ന ഒരാള്‍ കൂടിയാണ്.

സംവിധായകന്റെ നിര്‍ദേശങ്ങള്‍ക്കപ്പുറം കഥാപാത്രമാകാന്‍ എന്തെങ്കിലും തയ്യാറെടുപ്പുകള്‍...
ജൂഡ് പറഞ്ഞ അത്രയെങ്കിലും ഞാന്‍ അഭിനയിച്ചോ എന്നെനിക്കറിയില്ല. സംവിധായകന്‍ പറഞ്ഞ തരത്തില്‍ കഥാപാത്രത്തെ മനസില്‍ കണ്ടായിരുന്നു ചെയ്തത്. ഓരോ ടേക്കും കഴിയുമ്പോള്‍ ജൂഡ് ഓക്കെ പറയും. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ആശ്വാസം തോന്നും.
ഇത്തരത്തില്‍ ഒരു അവസരം ലഭിച്ചപ്പോള്‍ സിനിമയുടെ പ്രമേയമാണോ കഥാപാത്രമാണോ കൂടുതല്‍ ആകര്‍ഷിച്ചത് ?
തീര്‍ച്ചയായും സിനിമയുടെ പ്രമേയം തന്നെയാണ്. വളരെ ബോള്‍ഡായ ഒരു വിഷയമാണിത്. അമ്മയാകണോ വേണ്ടയോ എന്നത് പൂര്‍ണമായും ഒരു പെണ്‍കുട്ടിയുടെ മാത്രം തീരുമാനമാണ്. നിര്‍ഭാഗ്യവശാല്‍ അതുള്‍ക്കൊള്ളാനുള്ള പക്വത പല കുടുംബങ്ങള്‍ക്കും നമ്മുടെ സമൂഹത്തിനും ആയിട്ടില്ല. ജീവിതം അറിഞ്ഞ് തുടങ്ങുന്നതിന് മുമ്പ് തന്നെ എത്രയോ പെണ്‍കുട്ടികള്‍ അമ്മയാകുന്നു. പിന്നീട് അവരുടെ ജീവിതം അവിടെ ഒതുങ്ങിപ്പോകുന്നു.
പല പെണ്‍കുട്ടികളേയും ഡിഗ്രി കഴിയുമ്പോള്‍ തന്നെ വീട്ടുകാര്‍ വിവാഹം കഴിപ്പിക്കുന്നു. രണ്ടോ മൂന്നോ മാസം കഴിയുമ്പോള്‍ അവര്‍ ഗര്‍ഭിണികളാകുന്നു. ജീവിതം കണ്ടിട്ടില്ല, ഭര്‍ത്താവിന്റെ കൂടെ കൂടുതല്‍ സമയം ചെലവഴിച്ചിട്ടില്ല, ഇരുവരും പരസ്പരം ശരിക്കും മനസിലാക്കിയിട്ടു പോലും ഉണ്ടാകില്ല. ഇഷ്ടത്തോടെ ആകണമെന്നില്ല, വേണ്ട എന്ന് പറയാനുള്ള ഭയം കാരണമാകും പലരും അമ്മയാകാന്‍ സമ്മതിക്കുന്നത്. ആദ്യത്തെ കുഞ്ഞായി കഴിഞ്ഞാല്‍ വീണ്ടും ചോദ്യമായി, അടുത്ത കുട്ടി എപ്പോഴാണ് എന്ന്.
സിനിമ കണ്ട് എത്രയോ പെണ്‍കുട്ടികള്‍ എനിക്ക് സോഷ്യല്‍ മീഡിയയില്‍ മെസേജ് അയച്ചിരുന്നു. വൈകാരികമായി ഏറെ അലട്ടുന്ന ഒന്നാണത്. നമ്മുടെ സമൂഹത്തില്‍ വളരെ അധികം സംസാരിക്കേണ്ട ഒരു വിഷയമാണിത്. അങ്ങനെയൊരു വിഷയം തിരഞ്ഞെടുത്തതില്‍ ജൂഡിനെ ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് പരിശോധിച്ച്, പെണ്‍കുട്ടിയാണെങ്കില്‍ അത് വേണ്ടെന്ന് വെക്കുന്നത് ഇവിടെ ഒരു കൊലപാതകമല്ല, പക്ഷെ കുഞ്ഞ് വേണ്ടെന്ന് വയ്ക്കുന്നത് ഒരു പാപമാണെന്ന് കരുതുന്ന അങ്ങേയറ്റം ഇരട്ടത്താപ്പുകളുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സ്ത്രീയുടെ തീരുമാനം എന്താണെന്ന് ആരും ചോദിക്കുന്നില്ല, അറിയുകയും വേണ്ട.
എനിക്ക് മൂന്ന് കുഞ്ഞുങ്ങളുണ്ട്. കുട്ടികളെ നോക്കി വളര്‍ത്തുന്നത് എത്ര ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് എനിക്കറിയാം. അതിന് ശാരീരികമായും മാനസികമായും തയ്യാറെടുപ്പുകള്‍ വേണം. എന്റെ ഇരുപത്തിയൊന്‍പതാം വയസിലാണ് എനിക്ക് ആദ്യത്തെ കുഞ്ഞുണ്ടാകുന്നത്. ഒരു അമ്മയാകാന്‍ തയ്യാറാണ് എന്നു തോന്നിയപ്പോള്‍ മാത്രമാണ് ഞാനതിന് മുതിര്‍ന്നത്. എന്നിട്ട് പോലും അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. അപ്പോള്‍ 20-21 വയസില്‍ കുഞ്ഞുങ്ങളുണ്ടാകുന്ന പെണ്‍കുട്ടികളുടെ മാനസികാവസ്ഥ എന്തായിരിക്കും. അത് ഗൗരവമായി ചിന്തിക്കണം.

കൈയ്യടികള്‍ മാത്രമല്ല, സിനിമ ചര്‍ച്ച ചെയ്ത വിഷയത്തിനെതിരെ ഏറെ വിമര്‍ശനങ്ങളും വരുന്നുണ്ടല്ലോ?
അത് നല്ല കാര്യമാണ്. പലതരം അഭിപ്രായങ്ങള്‍ വരുമ്പോഴാണ് ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകുന്നത്. അപ്പോഴേ നല്ല മാറ്റങ്ങള്‍ ഉണ്ടാകൂ. എല്ലാതരം അഭിപ്രായങ്ങളും വേണം.
കഥാപാത്രമായി കണ്ടപ്പോള്‍ സ്വയം എന്തു തോന്നി! എന്താണ് സുഹൃത്തുക്കളുടേയും വീട്ടുകാരുടേയുമെല്ലാം പ്രതികരണം ?
എന്നെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഞാന്‍ മാറിയിരിക്കും. അത് പണ്ട് ടി വിയില്‍ ആയിരുന്നപ്പോഴും അങ്ങനെയാണ്. വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇഷ്ടമായി. അവര്‍ക്ക് ഞാന്‍ എന്ത് ചെയ്താലും ഇഷ്ടമാണ്. എന്റെ മക്കള്‍ക്കൊപ്പമിരുന്നാണ് സിനിമ കണ്ടത്. അവര്‍ അന്ന ബെന്നിന്റെ വലിയ ഫാന്‍സ് ആണ്. അതുകൊണ്ട് തുടക്കം മുതലേ കണ്ടു.

അഭിനയം ഒരു തൊഴിലാക്കാം എന്ന ആത്മവിശ്വാസമായോ ?
അങ്ങനെ പ്രത്യേകിച്ചൊന്നും ചിന്തിച്ചിട്ടില്ല. എനിക്ക് വളരാനും കൂടുതല്‍ മെച്ചപ്പെടാനും സാധിക്കുന്ന, അത്തരത്തില്‍ എന്നെ സഹായിക്കുന്ന സിനിമകളും കഥാപാത്രങ്ങളും വരികയാണെങ്കില്‍ ചെയ്യാം. മാധ്യമ പ്രവര്‍ത്തകയായി നിരവധി വേഷങ്ങള്‍ വന്നിരുന്നു. പക്ഷെ ഞാന്‍ വേണ്ടെന്ന് വെച്ചതാണ്. അതില്‍ എനിക്കൊന്നും ചെയ്യാനില്ലല്ലോ. സിനിമ എന്നത് നമ്മുടെ കൈയ്യില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. നിരവധി ഘടകങ്ങള്‍ ഉണ്ട്. നിര്‍മാതാവ്, സംവിധായകന്‍ നല്ലൊരു ടീം... ഇതെല്ലാം ഒത്ത് വരുമ്പോഴാണ് നല്ലൊരു സിനിമ ഉണ്ടാകുന്നത്. അങ്ങനെ നല്ലൊരു ടീമും സിനിമയും കഥാപാത്രവുമുണ്ടാകാന്‍ കാത്തിരിക്കാം.
Interviewed by SANDHYA KP
Comments