'പാൽനിലാവിൻ...' പാടി സിതാര. 'കാണെക്കാണെ' ഉള്ളിലുടക്കുന്ന പാട്ട്
- POPADOM
- Sep 15, 2021
- 1 min read
വൈവിധ്യങ്ങളായ ഒട്ടേറെ പാട്ടുകളിലൂടെ ആസ്വാദകരുടെ ഉള്ളിലിടം നേടിയ ഗായികയാണ് സിതാര കൃഷ്ണകുമാർ. സ്വതന്ത്ര സംഗീതമായാലും സിനിമാപ്പാട്ടുകളായാലും സിതാരയുടെ പുതിയ പാട്ടുകൾക്ക് കാത്തിരിക്കുന്ന ആസ്വാദകർക്ക് തലമുറ വ്യത്യാസമില്ല.

'ഉയരെ'യിലെ 'നീ മുകിലോ' ഹൃദയത്തിലേറ്റിയ പോലെ തന്നെ ചായപ്പാട്ടിനും താളമിട്ട് പോകുന്നുണ്ട് മലയാളികൾ. 'ഉയരെ'യുടെ സംവിധായകൻ മനു അശോകന്റെ 'കാണെക്കാണെ' യിൽ രഞ്ജിൻ രാജിന്റെ ഈണത്തിൽ സിതാര പാടിയ 'പാൽനിലാവിൻ പൊയ്കയിൽ...' എന്ന ഗാനമാകും ആസ്വാദകരുടെ പ്രിയപാട്ടുകളുടെ നിരയിൽ അടുത്തത്. റിലീസ് ചെയ്തതിന് പിന്നാലെ തന്നെ മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്.

വിനായക് ശശികുമാറാണ് ലളിതവും മനോഹരവുമായ വരികൾ എഴുതിയിരിക്കുന്നത്.
സിനിമയുടെ കഥാസംബന്ധമായ ആകാംക്ഷകൾ നിറച്ചാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ വൈകാരിക ഭാവങ്ങൾക്ക് പശ്ചാത്തല സംഗീതം എന്ന പോലെ ചേർന്ന് നിൽക്കുന്ന രീതിയിൽ ഇത്തരത്തിലൊരു ഗാനം അടുത്ത കാലത്ത് ഇറങ്ങിയിട്ടില്ല.
മുതിർന്ന സംഗീതജ്ഞരായ സുമേഷ് പരമേശ്വർ, കൊച്ചിൻ സ്ട്രിങ്സ്, കമലകർ എന്നിവരാണ് ഈ പാട്ടിന്റെ ഓർക്കസ്ട്രയിൽ.

ബോബി - സഞ്ജയ് യുടെ തിരക്കഥയിൽ ഒരുങ്ങുന്ന 'കാണെക്കാണെ' യിൽ സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനൊ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡ്രീം ക്യാച്ചറിന്റെ ബാനറിൽ ടി ആർ ഷംസുദീനാണ് നിർമാണം. സോണിയുടെ OTT പ്ലാറ്റ്ഫോമായ Sony Livലൂടെയാണ് 'കാണെക്കാണെ' റിലീസ് ചെയ്യുന്നത്. Sony LIV യൂട്യൂബ് പേജിൽ 'പാൽനിലാവിൻ...' കേൾക്കാം, കാണാം.




Comments