ഷഷ്‌ടിപൂർത്തി നിറവിൽ സുഹാസിനി : ആ കഥാപാത്രങ്ങളിലേക്ക് ഒരു മടക്കം.
- POPADOM
- Aug 16, 2021
- 2 min read

നെഞ്ചതൈ കിള്ളാതെ :
സുഹാസിനി ആദ്യമായി ക്യാമറയ്ക്കു മുൻപിൽ വരുന്നത് 1980 ൽ റിലീസ് ചെയ്ത 'നെഞ്ചതൈ കിള്ളാതെ' എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിലൂടെ തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് സുഹാസിനിക്ക് ലഭിച്ചു. അച്ഛൻ ചാരുഹാസന്റെ നിർബന്ധപ്രകാരമായിരുന്നു കുടുംബസുഹൃത്ത് കൂടിയായ മഹേന്ദ്രന്റെ ചിത്രത്തിൽ സുഹാസിനി നായികയായി എത്തിയത്. അഭിനയത്തോട് തീരെ താത്പര്യം ഇല്ലായിരുന്നു എന്നും "ലോകം കീഴടക്കാൻ നടക്കുന്ന എന്നെ നിങ്ങൾ ക്യാമറയ്ക്കു മുൻപിൽ വന്ന് കരയാനും ചിരിക്കാനും ഒക്കെ പറയുന്നോ?" എന്ന് ചോദിച്ച് താൻ എതിർത്തിരുന്നു എന്നും സുഹാസിനി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

സിന്ധു ഭൈരവി :
കെ ബാലചന്ദർ സംവിധാനം ചെയ്ത സിന്ധുഭൈരവി സുഹാസിനിക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത സിനിമയാണ്. "രജനികാന്ത് എന്ന നടനെ അഭിനയം പഠിപ്പിച്ച കെ ബാലചന്ദറിന്റെ സിനിമയിൽ അഭിനയിക്കാൻ സാധിച്ചത് മറക്കാനാകാത്ത ഒരു അനുഭവമാണ്" എന്ന് സുഹാസിനി പറഞ്ഞിട്ടുണ്ട്. ഇപ്പോഴും, ഭർത്താവ് മണിരത്നത്തിനൊപ്പം തിരക്കഥ എഴുതാൻ ഇരിക്കുമ്പോൾ ഒരു സീൻ എങ്കിലും, ചില ഡയലോഗുകൾ എങ്കിലും ഒരു കെബി സർ സിനിമയുടെ പോലെ ആകണം എന്ന് തങ്ങൾ കരുതാറുണ്ട് എന്ന് സുഹാസിനി പറയുന്നു. സിന്ധു ഭൈരവിയിലെ അഭിനയത്തിന് സുഹാസിനിക്ക് ദേശീയ അവാർഡ് ലഭിച്ചു.

ബെങ്കിയല്ലി അരളിത ഹൂവു :
കെ ബാലചന്ദറിന്റെ സംവിധാനത്തിൽ സുഹാസിനിയുടെ ആദ്യ കന്നഡ സിനിമ ഒരു വലിയ ഹിറ്റ് തന്നെയായിരുന്നു. "മൂന്ന് ഫിലിം ഫെയർ അവാർഡുകൾ എനിക്ക് കന്നഡ സിനിമയിലെ അഭിനയത്തിന് ലഭിച്ചിട്ടുണ്ട്. എനിക്ക് ഏറെ പ്രശംസ നേടി തന്നതും കന്നഡ സിനിമകളിലെ അഭിനയത്തിനാണ്. കരിയറിലെ ഏറ്റവും നല്ല റോളുകൾ ലഭിച്ചതും കന്നഡ സിനിമയിൽ നിന്നുതന്നെ. ചെന്നൈയിലാണ് താമസമെങ്കിലും എന്റെ ഹൃദയമിടിക്കുന്നത് കന്നഡ സിനിമകൾക്കായാണ്" സുഹാസിനി ഒരു അഭിമുഖത്തിൽ പറഞ്ഞു.

കൂടെവിടെ :
1983 ൽ റിലീസ് ചെയ്ത കൂടെവിടെ എന്ന പദ്മരാജൻ ചിത്രത്തിലൂടെയാണ് സുഹാസിനി മലയാള സിനിമയിലേക്ക് വരുന്നത്. ശേഷം 1987 ൽ റിലീസ് ചെയ്ത 'എഴുതാപ്പുറങ്ങൾ' എന്ന ചിത്രത്തിനും 2001 ൽ റിലീസ് ചെയ്ത 'തീർത്ഥാടന'ത്തിനും കേരള സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി. മലയാള സിനിമകൾ കണ്ടുകൊണ്ടാണ് താൻ വളർന്നത്. ചിറ്റപ്പൻ കമൽഹാസൻ വഴി മലയാള സിനിമയെ കുറിച്ച് കൂടുതൽ മനസിലാക്കുവാൻ സാധിച്ചു. റിയലിസ്റ്റിക് സിനിമകളുടെ ഭാഗമാകുക എന്ന ഉദ്ദേശത്തോടു കൂടിയാണ് കൂടെവിടെ എന്ന ചിത്രത്തിന്റെ ഭാഗമായത്. മലയാളം ഇൻഡസ്ട്രിയിൽ നിന്ന് തനിക്ക് ഒരുപാട് പഠിക്കുവാൻ സാധിച്ചു എന്നും സുഹാസിനി പറഞ്ഞിട്ടുണ്ട്.

മണിവത്തൂരിലെ ആയിരം ശിവരാത്രികൾ :
മണിവത്തൂരിലെ മണൽപ്പുറത്ത് വിനയനൊപ്പം ആയിരം ശിവരാത്രികൾ കാണാൻകൊതിച്ച നീന മലയാളികളുടെ മനസ്സിൽ ഒരു നൊമ്പരമായി ഇന്നുമുണ്ട്. അത്രത്തോളം ആ കഥാപാത്രത്തിനു ജീവൻ കൊടുക്കുവാൻ സുഹാസിനിക്കു കഴിഞ്ഞു. സൗത്ത് ഇന്ത്യൻ സിനിമയിലെ 'ദുഖപുത്രി' എന്നാണ് താൻ അറിയപ്പെടുന്നത് എന്ന് സുഹാസിനി പറഞ്ഞിട്ടുണ്ട്.

സ്വാതി എന്ന തെലുങ്ക് സിനിമയിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. വാനപ്രസ്ഥത്തിലെ 'സുഭദ്ര' ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. രാക്കുയിലിൻ രാഗസദസിൽ എന്ന പ്രിയദർശൻ ചിത്രത്തിലെ ജനനിയും, പ്രണാമം എന്ന ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിലെ ഉഷയും, കഥ ഇതുവരെയിലെ രേഖയുമൊക്കെ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങൾ ആണ്.
Comments