"എന്റെ ഹീറോ, എന്റെ ചിത്തപ്പ" കമൽഹാസനൊപ്പം സുഹാസിനി
- POPADOM
- Aug 29, 2021
- 1 min read
"എന്റെ ഹീറോ, എന്റെ വഴികാട്ടി, എന്റെ പ്രചോദനം, എന്റെ ചിത്തപ്പ" - കമൽ ഹാസനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് സുഹാസിനി ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു. സുഹാസിനിയുടെ ആറുപതാം പിറന്നാൾ ആഘോഷവേളയിലെ ചിത്രങ്ങളാണിത്. കമൽഹാസന്റെ മൂത്ത സഹോദരൻ ചാരുഹാസന്റെ മകളാണ് നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം.

തമിഴ് അയ്യങ്കാർ കുടുംബത്തിൽ നിന്ന് ഒരു പെൺകുട്ടി സിനിമ പോലൊരു മേഖലയിലേക്ക് വരുന്നത് ചിന്തിക്കാൻ പോലും പ്രയാസമായിരുന്ന കാലഘട്ടത്തിലാണ് സുഹാസിനിയെ ചിറ്റപ്പൻ കമൽഹാസൻ സിനിമയിലേക്ക് കൈപിടിച്ചു കൊണ്ട് വന്നത്. അതിനായി കമലിന് ചേട്ടൻ ചാരുഹാസനുമായി വഴക്കിടേണ്ടിയും വന്നു. ചാരുഹാസന് മകൾ ഒരു എഞ്ചിനീയർ ആയി കാണണം എന്നായിരുന്നു ആഗ്രഹം. മകൾ സാഹിത്യം പഠിക്കണമെന്ന് സുഹാസിനിയുടെ അമ്മയും ആഗ്രഹിച്ചു.
സിനിമാ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കുവാൻ സുഹാസിനിക്ക് കഴിവുണ്ട് എന്നു വിശ്വസിച്ച ചിത്തപ്പൻ കമൽഹാസൻ, ഛായാഗ്രഹണം പഠിക്കാനായിരുന്നു സുഹാസിനിയെ ഉപദേശിച്ചത്. അച്ഛന്റെ നിർബന്ധ പ്രകാരം ഛായാഗ്രഹണം ഉപേക്ഷിച്ച് സുഹാസിനി അഭിനയത്തിലേക് വഴിമാറിയപ്പോൾ കമൽ എതിർത്തു.
"ഇവിടെ ഒരുപാട് നടിമാർ ഉണ്ട് പക്ഷെ ഛായാഗ്രഹക ഇല്ല" കമൽഹാസൻ ഇങ്ങനെ പറഞ്ഞിരുന്നുവെന്ന് Hindustan Times ലെ അഭിമുഖത്തിൽ സുഹാസിനി പറയുന്നുണ്ട്.

"കമൽ ഒരു നല്ല അധ്യാപകനായിരുന്നു. ഷൂട്ടിംഗിംനും എഡിറ്റിംഗിനും ഡബ്ബിങ്ങിനുമെല്ലാം കമൽ എന്നെ കൂട്ടികൊണ്ട് പോകുമായിരുന്നു. സിനിമയെ ക്യാമറയ്ക്കു പിന്നിൽ നിന്നുകൊണ്ട് ഞാൻ കണ്ടു. ചെന്നൈയിലെ കമലിന്റെ വീട് എഴുത്തുകാരും (സുജാത), ഗായകരും (ഉഷ ഉതുപ്പ് ) സംവിധായകരും (ബാലു മഹേന്ദ്ര, ഭാരതി രാജ ) ഒത്തുകൂടിയിരുന്ന ഒരിടമായിരുന്നു. അവിടെ നിന്ന് ഒരുപാട് പാഠങ്ങൾ പഠിക്കുവാൻ സാധിച്ചു" - സുഹാസിനി പറയുന്നു.
സുഹാസിനിക്ക് മലയാള സിനിമയിലേക്കുള്ള വഴി തെളിച്ചതും കമൽഹാസൻ തന്നെ. 'ബെങ്കിയല്ലി അരളിത ഹൂവു' എന്ന സുഹാസിനിയുടെ ആദ്യ കന്നഡ ചിത്രത്തിലും, 'ഉറവുകൾ മാറലാം' എന്ന തമിഴ് ചിത്രത്തിലും കമൽ ഹാസൻ അതിഥി വേഷത്തിൽ എത്തി.




Comments