ഓർമ്മയിൽ സുകുമാരൻ
- SUDHI NARAYAN
- Jun 16, 2021
- 1 min read
സുകുമാരൻ എന്ന നടനെ ഓർക്കുമ്പോൾ ആരുടെ മനസ്സിലും പെട്ടെന്ന് കടന്ന് വരുന്നത് അദ്ദേഹത്തിന്റെ ശബ്ദവും സംഭാഷണ ശൈലിയുമാണ്. അതിലൂടെയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ മിന്നിമറഞ്ഞുപോവുക.

ഡയലോഗ് ഡെലിവറിയിൽ ഒരുതാളമുണ്ടായിരുന്നു അദ്ദേഹത്തിന് .
അത് പ്രേക്ഷകർക്ക് ഇഷ്ടവുമായിരുന്നു. സിനിമയിലെ നാടകീയവും അതിഭാവുകത്വം നിറഞ്ഞതുമായ സംഭാഷണ ശൈലിയും രീതിയും മാറിത്തുടങ്ങിയതും ശ്രദ്ധേയമായതും സുകുമാരൻ എന്ന നടൻ സ്വീകരിച്ചിരുന്ന ശൈലിയിലൂടെയും കൂടിയാണ് എന്ന് കാണാം. പ്രേംനസീർ എന്ന നിത്യഹരിത നായകന്റെ അതിപ്രശസ്തമായ "അമ്പടി കള്ളീ ...." എന്ന ഡയലോഗ് സുകുമാരൻ പറഞ്ഞപ്പോൾ കാലഘട്ടം കഴിഞ്ഞിട്ടും അതിന് മറ്റൊരു പരിവേഷവും പ്രാധാന്യവും കൈവന്നു. (സന്ദർഭങ്ങൾ രണ്ടായിരുന്നു എങ്കിൽപ്പോലും)
തന്റെ സംഭാഷണ രീതികളെയും വൈഭവത്തെയും മറ്റാരേക്കാളും അദ്ദേഹത്തിനു തന്നെ തിരിച്ചറിയാമായിരുന്നു എന്നതുകൊണ്ടാവാം വാക്ക്ചാതുരിയും പ്രയോഗങ്ങളും ഉചിതമായ ഉത്തരങ്ങളും കൊണ്ട് തിളങ്ങാൻ കഴിയുന്ന വക്കീൽ കുപ്പായം കൂടി എടുത്തണിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് തോന്നിപ്പോകും. സംഭാഷണ ശൈലിയും ശബ്ദവും കൊണ്ട് കാലഘട്ടങ്ങളെ അതിജീവിച്ച നടൻ.
എന്തും തുറന്ന് പറയാനുള്ള ധൈര്യവും ഏത് വിഷയത്തിലും വ്യക്തമായ ധാരണയും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു എന്ന് കൂടി ചേർത്തു വായിക്കേണ്ടതുണ്ട്. മിക്ക കഥാപാത്രങ്ങളിലും കാണാൻ കഴിഞ്ഞിരുന്ന ധാർമ്മികതയും ഉറച്ച ശബ്ദവും പ്രതികരണ ശേഷിയുമൊക്കെ സുകുമാരൻ എന്ന നടന് അനായാസം കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു. കാരണം അതുതന്നെയായിരുന്നു സുകുമാരൻ എന്ന വ്യക്തിയും. ഓഗസ്റ്റ് 1 എന്ന ചിത്രത്തിലെ KGR തന്നെ ഉദാഹരണം.
ജീവിതാനുഭവങ്ങളും വായനയും വിദ്യാഭ്യാസവും അഭിനയവും വ്യക്തിത്വവും കൊണ്ട് ജീവിച്ച് ഒടുവിൽ ഓർമ്മകൾ ബാക്കി വച്ചുപോയ സുകുമാരൻ എന്ന കലാകാരനെ ഓർക്കാം ഇന്ന്.










Comments