'ഉന്മാദിയായ ഉമ്മറും ഉത്സാഹിയായ ഉമ്മു കുല്‍സുവും'; തല്ലുമാലയിലെ പുത്തന്‍ പാട്ട്
- POPADOM
- Jul 5, 2022
- 1 min read
ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാല എന്ന ചിത്രത്തിലെ പുതിയ പാട്ടെത്തി. വിഷ്ണു വിജയുടെ സംഗീതത്തില്‍ ഹരിചരണ്‍ , ബെന്നി ദയാല്‍ വിഷ്ണു വിജയ് എന്നിവര്‍ക്കൊപ്പം നടന്‍ സലിം കുമാറും ചേര്‍ന്ന് ആലപിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മുഹ്‌സിന്‍ പരാരിയും, അഷ്‌റഫ് ഹംസയും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രം ഓഗസ്റ്റ് 12 ന് തിയേറ്ററുകളില്‍ എത്തും.
'ഓളെ മെലഡി' എന്ന ഗാനത്തിന്റെ വരികളും ആലാപനവും വ്യത്യസ്തവും രസകരവുമാണ്. സിതാറും തബലയും ഡോലക്കുമാണ് പാട്ടില്‍ കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. ആഘോഷ മൂഡില്‍ സഞ്ചരിക്കുന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നതെങ്കിലും കൂടെയുള്ള ചിത്രങ്ങളില്‍ നിന്നും, പാട്ടിന്റെ വീഡിയോ പ്രേക്ഷകരുടെ ഇഷ്ടം നേടും എന്നാണ് കരുതുന്നത്.

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന തല്ലുമാല പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. ബ്രോ ഡാഡി എന്ന പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം കല്യാണി പ്രിയദര്‍ശന്‍ മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും തല്ലുമാലക്കുണ്ട്. ഡിയര്‍ ഫ്രണ്ട്, വാശി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം കൂടിയാണ് തല്ലുമാല. ടൊവിനോയ്ക്കും കല്യാണിക്കും പുറമേ ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാന്‍ അവറാന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Comments