വിലക്ക് നീങ്ങി; വടിവേലുവിന് ഇനി അഭിനയിക്കാം
- POPADOM
- Aug 30, 2021
- 1 min read
നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങി തമിഴ് ഹാസ്യതാരം വടിവേലു. തമിഴ് നിർമാതാക്കളുടെ സംഘടനയായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കിയതിനെ തുടർന്നാണ് തിരിച്ചുവരവ്.

"വിലക്ക് നീക്കിയതിൽ സന്തോഷമുണ്ട്. ഇതെനിക്ക് ഒരു പുനർജ്ജന്മം പോലെയാണ്" വടിവേലു മാധ്യമങ്ങളോട് പ്രതികരിച്ചു.
സംവിധായകന്‍ ശങ്കർ നിര്‍മിച്ച് ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന 'ഇംസൈ അരസന്‍ 24 ആം പുലികേശി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു വടിവേലുവിനെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ വിലക്കിയത്. 2017 ഓഗസ്റ്റ് മുതല്‍ ചിത്രീകരിക്കാനിരുന്ന സിനിമ വടിവേലുവിന്റെ നിസ്സഹകരണം മൂലം നിര്‍ത്തിവെക്കേണ്ടി വന്നു.

ഓഗസ്റ്റില്‍ പത്ത് ദിവസം മാത്രമാണ് ഷൂട്ടിംഗ് നടന്നതെന്നും വടിവേലുവിന്റെ നിസഹകരണം മൂലം വലിയ തുക നഷ്ടമുണ്ടായെന്നും കാണിച്ച് ശങ്കർ പ്രൊഡ്യൂസര്‍ കൗണ്‍സിലിൽ പരാതിപ്പെട്ടു. തുടർന്ന് 2017 നവംബറില്‍ നിര്‍മാതാക്കളുടെ സംഘടന വടിവേലുവിനെ വിലക്കി.
നേരത്തെ നിശ്ചയിക്കപ്പെട്ടതിലും വലിയ തുക പ്രതിഫലം ആവശ്യപ്പെട്ടു, സിനിമയിലെ ഒരു പാട്ടിന്റെ ഈണം മാറ്റാൻ ആവശ്യപ്പെട്ടു, സംവിധായകൻ നിശ്ചയിച്ച സഹതാരങ്ങൾക്കൊപ്പം സഹകരിക്കാൻ തയ്യാറായില്ല, സ്വന്തം കോസ്റ്റ്യൂമറെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു എന്നിങ്ങനെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ശങ്കർ കൗൺസിലിനു പരാതി നൽകിയത്.

തമിഴിലെ മുന്‍നിര ബാനറായ ലൈക്ക പ്രൊഡക്ഷന്‍സ് ഇടനില നിന്നതോടെയാണ് ശങ്കറിന്റെ ഉടമസ്ഥതയിലുള്ള എസ് പിക്‌ചേഴ്‌സും വടിവേലുവുമായുള്ള തര്‍ക്കം പരിഹരിക്കപ്പെട്ടത്. എസ് പിക്ചേഴ്സ് പ്രതിനിധികളുടെയും വടിവേലുവിന്‍റെയും സാന്നിധ്യത്തില്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ നടത്തിയ ചര്‍ച്ചയിലാണ് നടനെതിരായ വിലക്ക് നീങ്ങിയത്.
തിരിച്ചുവരവില്‍ ലൈക്കയുമായി അഞ്ച് സിനിമകളുടെ കരാറില്‍ വടിവേലു ഒപ്പുവച്ചിട്ടുണ്ട്.
'നായ് ശേഖർ' എന്ന ചിത്രത്തിലൂടെയാകും വടിവേലുവിന്റെ തിരിച്ചുവരവ്.




Comments