വാരിയംകുന്നൻ; ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറി
- POPADOM
- Sep 2, 2021
- 1 min read
ഏറെ വിവാദങ്ങൾക്ക് വഴിവെച്ച 'വാരിയംകുന്നൻ' എന്ന ചിത്രത്തിൽ നിന്നും സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറി. നിർമാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണമാണ് രണ്ട് പേരും ചിത്രത്തിൽ നിന്നും പിന്മാറിയതെന്നാണ് സൂചന. 2020 ജൂണിലാണ് ആഷിഖ് അബു 'വാരിയംകുന്നൻ' പ്രഖ്യാപിച്ചത്.

1921 ൽ നടന്ന മലബാര്‍ വിപ്ലവത്തിന്റെ നായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതമായിരുന്നു ഈ ചരിത്ര സിനിമയുടെ പ്രമേയം.
'ലോകത്തിന്‍റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്ത് 'മലയാള രാജ്യം' എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു' എന്ന പോസ്റ്റോടെയാണ് പൃഥ്വിരാജും ആഷിക്ക് അബുവും ചിത്രം പ്രഖ്യാപിച്ചത്. മലബാർ വിപ്ലവത്തിന്റെ നൂറാം വാർഷികമായ 2021ൽ ചിത്രീകരണം ആരംഭിക്കും എന്നും പോസ്റ്റിൽ ഉണ്ടായിരുന്നു.

എന്നാൽ വാരിയംകുന്നന്‍ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നില്ലെന്നും ഹിന്ദു വിരുദ്ധ കലാപത്തിന് നേതൃത്വം നൽകിയ വ്യക്തി ആണെന്നും ആരോപിച്ച് സോഷ്യൽ മീഡിയയിൽ പൃഥ്വിരാജിനും കുടുംബത്തിനും എതിരെ വിമർശനങ്ങളും സൈബർ അറ്റാക്കും ഉണ്ടായി. ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ പൃഥ്വിരാജ് സിനിമയിൽ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടു.
കോമ്പസ് മൂവീസ് ലിമിറ്റഡിന്റെ ബാനറിൽ സിക്കന്ദറും മൊയ്ദീനും ചേർന്നാണ് ചിത്രം നിർമ്മിക്കാൻ തീരുമാനിച്ചത്. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബുവും നിർമ്മാണത്തിൽ പങ്കാളി ആയിരുന്നു.
ഹർഷദും റമീസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ മുൻപ് നടത്തിയ ചില പരാമർശങ്ങളുടെ പേരിൽ വിമർശിക്കപ്പെട്ടതിനെ തുടർന്ന് റമീസ് പിന്നീട് ചിത്രത്തിൽ നിന്നും പിന്മാറി.
ഇതോടൊപ്പം പിടി കുഞ്ഞുമുഹമ്മദും അലി അക്ബറും ഇബാഹിം വെങ്ങരയും വാരിയംകുന്നന്റെ ചരിത്രം സിനിമയാക്കുന്നുണ്ട്. അതേ സമയം പൃഥ്വിരാജ് പിന്മാറിയ സിനിമയുടെ നിർമാണം താൻ ഏറ്റെടുക്കാമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. വാരിയംകുന്നന്റെ വേഷം ചെയ്യാൻ ഏത് കലാകാരനാണ് ധൈര്യമുള്ളതെന്നും ഷാഫി ചാലിയം ചോദിച്ചു.




Comments