പേരറിവാളന്റെ അമ്മ അർപ്പുതമ്മാളിന്റെ ജീവിതകഥ സിനിമയാകുന്നു.
- POPADOM
- Nov 2, 2021
- 1 min read
മുപ്പത് വർഷത്തിലേറെയായി മകന്റെ ജയിൽ മോചനത്തിനായി ഒറ്റയ്ക്ക് പോരാടുന്ന ഒരു അമ്മയുടെ കഥയുമായി സംവിധായകൻ വെട്രിമാരൻ. രാജീവ് ഗാന്ധി വധക്കേസിൽ തടവിൽ കഴിയുന്ന ഏഴ് പേരിൽ ഒരാളായ പേരറിവാളന്റെ അമ്മ അർപ്പുതമ്മാളിന്റെ ജീവിതകഥയാണ് ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സിനിമയാക്കുന്നത്.

രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണ്‍ 11ന് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ പേരറിവാളന് 20 വയസ് മാത്രമായിരുന്നു പ്രായം. ചോദ്യം ചെയ്തതിന് ശേഷം പിറ്റേ ദിവസം തന്നെ വിട്ടയക്കാമെന്ന ഉറപ്പിൽ മാതാവ് അര്‍പ്പുതമ്മാൾ പേരറിവാളനെ പോലീസിൽ ഏല്പിക്കുകയായിരുന്നു. അന്ന് മുതൽ മകന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന അമ്മയുടെ ജീവിതവും, മകന്റെ വിടുതലിനായി തനിച്ചു നടത്തിയ നിയമപോരാട്ടങ്ങളുമാണ് സംവിധായകൻ വെള്ളിത്തിരയിൽ എത്തിക്കാൻ ശ്രമിക്കുന്നത്.
ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വെട്രിമാരൻ ഇക്കാര്യം അറിയിച്ചത്. പ്രാരംഭഘട്ട ചർച്ചകളും ജോലികളും പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും വെട്രിമാരൻ പറഞ്ഞു.
2007ൽ ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'പൊള്ളാതവൻ' ആണ് വെട്രിമാരൻ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. 2011-ൽ സംവിധാനം ചെയ്ത 'ആടുകളം' എന്ന രണ്ടാമത്തെ ചിത്രം ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി. 'വിസാരണൈ' എന്ന ചലച്ചിത്രം 2016 -ൽ ഇന്ത്യയിൽ നിന്ന് അക്കാദമി പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രമാണ്. 'വിടുതലൈ', 'വാടിവാസൽ' എന്നിവയാണ് പുറത്തിറങ്ങാനുള്ള വെട്രിമാരൻ ചിത്രങ്ങൾ.




Comments