ആ യാത്ര അവസാനിക്കുമ്പോൾ; ഓർമയിൽ ജോൺപോൾ
- POPADOM
- Apr 23, 2022
- 1 min read
അടിമുടി സിനിമയായിരുന്ന ഒരു മനുഷ്യൻ - അതായിരുന്നു ജോൺപോൾ. മനുഷ്യ വികാരങ്ങളുടെ ആകെ തുകയായിരുന്നു അദ്ദേഹത്തിന്റെ ഓരോ കഥകളും.
ഐ വി ശശി സംവിധാനം ചെയ്ത ‘ഞാന്‍, ഞാന്‍ മാത്രം’ എന്ന ചിത്രത്തിന് കഥയെഴുതി സിനിമാലോകത്തേക്ക് കടന്നുവന്ന അദ്ദേഹം പിന്നീട് ചാമരം എന്ന ഭരതൻ ചിത്രത്തിലൂടെ തിരക്കഥാകൃത്തുമായി. കഥയും തിരക്കഥയുമായി സിനിമയിൽ സജീവമായതോടെ മുപ്പത്തിമൂന്നാം വയസ്സില്‍ കാനറാ ബാങ്കിലെ ജോലി ഉപേക്ഷിച്ചു.

ആവർത്തനവിരസതയില്ലാതെ തിരക്കഥ തയ്യാറാക്കുന്നതാണ് ജോൺ പോളിനെ സംവിധായകർക്ക് ഏറെ പ്രിയങ്കരനാക്കിയത്. പ്രണയവും ദുഖവും കഥകളിൽ നിറയുമ്പോഴും ഒന്നും മറ്റൊന്നിന്റെ ആവർത്തനമായിരുന്നില്ല. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഉണ്ണികളേ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, കേളി, ചമയം, രേവതിക്കൊരു പാവക്കുട്ടി, തേനും വയമ്പും തുടങ്ങി ജോൺ പോൾ എഴുതിയ ഓരോ കഥകളിലും വിസ്മയം ജനിപ്പിക്കുന്ന എന്തോ ഒന്ന് അദ്ദേഹം ഒളിപ്പിച്ചു വെക്കാറുണ്ടായിരുന്നു.

പരന്ന വായനയും തെളിഞ്ഞ ചിന്തയുമുള്ള ജോൺപോളിന്റെ സംസാരശൈലിയും മലയാളികൾക്ക് ഏറെ പ്രിയങ്കരമായിരുന്നു. സിനിമക്ക് പുറമെ എഴുത്തിലും പ്രഭാഷണങ്ങളിലും അദ്ദേഹം നിറഞ്ഞു നിന്നു. നിരവധി ചലച്ചിത്ര ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
ദേശീയ- സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ച, എം ടി വാസുദേവൻ നായരുടെ ‘ഒരു ചെറുപുഞ്ചിരി’, ഐ വി ശശിയുടെ ‘ഭൂമിക’ എന്നീ ചിത്രങ്ങളുടെ നിർമാതാവ് കൂടിയായിരുന്നു ജോൺപോൾ. ‘ഗ്യാങ്സ്റ്റർ’, ‘ C/O സൈറാബാനു’ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗവും ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവുമായിരുന്നു. 'മാക്ട' സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമാണ്.
പ്രണയമീനുകളുടെ കടൽ എന്ന കമൽ ചിത്രമാണ് ജോൺപോൾ ഏറ്റവും ഒടുവിൽ തിരക്കഥയെഴുതിയ മലയാള സിനിമ.
Comments