"മലയാളി വന്നട, ആർപ്പ് വിളിക്കട" സൗത്ത് പിടിക്കാൻ നെറ്റ്ഫ്ലിക്സ്
- POPADOM
- Jul 8, 2021
- 1 min read
ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് Netflix. ഇതിന്റെ ഭാഗമായി അടുത്തിടെയാണ് Netflix India South എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ നെറ്റ്ഫ്ലിക്സ് തുടങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകള്‍ ഇടകലര്‍ത്തിയുള്ള ട്വീറ്റുകളും അവയ്ക്കുള്ള മറുപടികളുമെല്ലാം Netflix ആരാധകരുടെ ശ്രദ്ധ കവര്‍ന്നിരുന്നു.

ഇപ്പോഴിതാ 'നമ്മ സ്റ്റോറീസ്- ദ സൗത്ത് ആന്തെം' എന്ന പേരില്‍ നടന്‍ നീരജ് മാധവ്, ഗായകന്‍ തെരുക്കുറല്‍ അറിവ് എന്നിവരെ അണിനിരത്തി റാപ്പ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. "മലയാളി വന്നട..ആര്‍പ്പ് വിളിക്കടാ" എന്ന വരികളില്‍ നിന്നാണ് നീരജ് മാധവിന്റെ റാപ് തുടങ്ങുന്നത്. റസൂല്‍ പൂക്കുട്ടിയുടെ ഓസ്‌കാര്‍, ശശി തരൂരിന്റെ ഇംഗ്ലിഷ്, മോഹന്‍ലാല്‍, മമ്മൂട്ടി, പൊറോട്ടയും ബീഫും, ചെണ്ടമേളം, കഥകളി തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയാണ് നീരജ് മാധവ് റാപ് ഒരുക്കിയിരിക്കുന്നത്. കാര്‍ത്തിക് ഷായാണ് സംഗീതം ചെയ്തത്.
അറിവ്, സിരി, ഹനുമാന്‍ കൈന്‍ഡ് എന്നിവരാണ് ആന്തത്തില്‍ വരുന്ന മറ്റ് പ്രമുഖര്‍. ദക്ഷിണേന്ത്യന്‍ സിനിമകളുടെ പ്രത്യേകതകളും നടീനടന്മാരെയുമെല്ലാം പറഞ്ഞുകൊണ്ടാണ് ഓരോ റാപ്പര്‍മാരും തങ്ങളുടെ ഭാഗം ചെയ്തിരിക്കുന്നത്. അക്ഷയ് സുന്ദറാണ് റാപ് സംവിധാനം ചെയ്തിരിക്കുന്നത്.
"കുറച്ച് അടിപൊളിയും വേറെ ലെവലും കിറക്കാസും സക്കാത്തസും പറയാന്‍ കാത്തിരുന്നോളൂ, കാരണം നിങ്ങളുടെ സ്‌ക്രീനുകള്‍ക്ക് തീ പിടിക്കാന്‍ പോകുകയാണ്" എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് Netflix കുറിച്ചത്.
നാര്‍കോസ്, Money Heist, സെക്സ് എജ്യുക്കേഷന്‍, സ്ട്രേഞ്ചര്‍ തിംഗ്സ്, എമിലി ഇന്‍ പാരിസ്, ബോജാക്ക് ഹോഴ്സ്മാന്‍ തുടങ്ങി നെറ്റ്ഫ്‌ളിക്‌സിലെ വളരെ പ്രശസ്തമായ സീരീസുകളിലെ കഥാപാത്രങ്ങളെ തമിഴ് സ്റ്റൈലിലും പശ്ചാത്തലത്തിലും അണിയിച്ചൊരുക്കി കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്ററും ഇറക്കിയിരുന്നു. നമ്മ സ്റ്റോറീസ് നമ്മ നെറ്റ്ഫ്ലിക്സ് എന്ന് ഹാഷ്ടാഗോട് കൂടിയാണ് ഈ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.




Comments