നടപ്പുശീലങ്ങളെ മറികടന്ന പോത്തൻ
- SANDHYA KP
- Jul 15, 2022
- 1 min read
1978 ൽ 'ആരവ'ത്തിലെ കൊക്കരക്കോ എന്ന കഥാപാത്രമായി മലയാളത്തിൽ വരവറിയിച്ച പ്രതാപ് പോത്തൻ എൺപതുകളിലെ മധ്യവർത്തി സിനിമകളുടെ മുഖമായി മാറിയത് വളരെ വേഗത്തിൽ ആയിരുന്നു. സംവിധാന മോഹം മനസ്സിൽ കൊണ്ട് നടന്ന പ്രതാപ് പൊത്തന്റെ സ്വപ്നത്തിൽ എവിടെയും ഒരു നടനാകണം എന്ന ആഗ്രഹം ഇല്ലായിരുന്നു. പക്ഷെ തകരയായും ചാമരത്തിലെ ഇന്ദു ടീച്ചറെ പ്രണയിക്കുന്ന വിനോദ് എന്ന വിദ്യാർഥിയായും പ്രതാപ് പോത്തൻ സ്‌ക്രീനിൽ എത്തിയപ്പോൾ മലയാളികൾ അത്ഭുതത്തോടെ അയാളെ നോക്കി. കാരണം അയാൾ നടപ്പുശീലങ്ങളിലെ നായകനായിരുന്നില്ല.

കൗതുകം നിറഞ്ഞ കണ്ണുകളും നിഷ്കളങ്കമായ ചിരിയുമായിരുന്നു പ്രതാപ് പോത്തന്. മദ്രാസ് പ്ലയേഴ്‌സിലെ പ്രതാപിന്റെ അഭിനയ മികവിൽ ആകൃഷ്ടനായ ഭരതൻ ആരവം എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. തൊട്ടടുത്ത വർഷമാണ് പദ്മരാജൻ തിരക്കഥ ഒരുക്കി ഭരതൻ സംവിധാനം ചെയ്ത തകര എന്ന സിനിമയിലെ തകര എന്ന കഥാപാത്രമായി പ്രതാപ് കാണികളെ വിസ്മയിപ്പിച്ചത്. തുടർന്ന് ചാമരം, ലോറി, നവംബറിന്റെ നഷ്ടം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. 80കളിലെ ക്യാമ്പസുകളുടെ ഹീറോ ആയി. നെഞ്ചത്തെ കിള്ളാതേ, പനീർ പുഷ്പങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലും ശ്രദ്ധേയനായി.
ഒരു വലിയ ഇടവേളക്ക് ശേഷം ആഷിക് അബുവിന്റെ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിൽ പ്രതാപ് പോത്തൻ പ്രേക്ഷകരെ ഞെട്ടിച്ചു. ലാൽ ജോസിന്റെ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ ഡോക്ടർ സാമുവൽ ആയി കാഴ്ചക്കാരുടെ കണ്ണ് നനച്ചു. ഒടുവിൽ ചാമരത്തിലെ വിനോദിനെ പോലെ അപ്രതീക്ഷിതമായ ഒരു വിടവാങ്ങൽ.
Opmerkingen